തിരുവനന്തപുരം
കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ തെളിവെടുപ്പ് നടത്തുന്ന അശോക് ചവാൻ സമിതിക്കെതിരെ പരാതിയുമായി എ–-ഐ ഗ്രൂപ്പുകൾ. സംഘടനാപരമായ വീഴ്ച കണ്ടെത്താൻ നിയോഗിച്ച സമിതി എംപിമാരോടും എംഎൽഎമാരോടും മാത്രമാണ് അഭിപ്രായം ആരായുന്നതെന്നും ഡിസിസി പ്രസിഡന്റുമാരടക്കമുള്ള നേതാക്കളെ കേൾക്കുന്നില്ലെന്നുമാണ് ആക്ഷേപം.
ചവാൻ സമിതിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ കെപിസിസിയിൽ അഴിച്ചുപണി ഉണ്ടാകുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ഗ്രൂപ്പുകളുടെ സംയുക്തനീക്കം.
കേരളത്തിലേതടക്കം നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവി പഠിക്കാൻ മെയ് 11നാണ് അഞ്ചംഗ സമിതിയെ ഹൈക്കമാൻഡ് നിയോഗിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിർദേശിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. എന്നാൽ, സമയപരിധി പിന്നിട്ടിട്ടും ദൗത്യം പൂർത്തിയായില്ല.
റിപ്പോർട്ട് പരമാവധി വൈകിപ്പിച്ച് പുനഃസംഘടന വൈകിപ്പിക്കാനാണ് ഗ്രൂപ്പുകളുടെ ലക്ഷ്യം. കെ സുധാകരന്റെ വരവിനെ തടയാൻ എ– -ഐ ഗ്രൂപ്പുകൾ ഒരുപോലെ കരുനീക്കുകയാണ്. 70 വയസ്സിൽ താഴെയുള്ളയാളാകണം കെപിസിസി പ്രസിഡന്റെന്ന വാദവും ഇതിനായി മുന്നോട്ടുവയ്ക്കുന്നു. കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ് തുടങ്ങിയ നിരവധി പേര് ഉയർന്നുവന്നിട്ടുണ്ട്. അതേസമയം, ഇരു ഗ്രൂപ്പുകളും സംയുക്തമായി ബെന്നി ബെഹനാന്റെ പേരും മുന്നോട്ടുവയ്ക്കുന്നുണ്ട്.