തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിലെ പ്രതി മാർട്ടിന്റെ അമ്മ അന്വേഷണ സംഘത്തിനു മുന്നിൽ സ്വർണം ഹാജരാക്കി. കവർച്ചാ പണം ഉപയോഗിച്ച് വാങ്ങിയ സ്വർണമാണ് ഹാജരാക്കിയത്.അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന 13.76 പവൻ സ്വർണമാണ് പ്രതിയുടെ അമ്മ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാക്കിയത്.
പ്രതികൾക്ക് വലിയ തോതിലുള്ള പ്രതിഫലം ലഭിച്ചു എന്ന കാര്യം പോലീസ് കണ്ടെത്തിയിരുന്നു. ഒരു പ്രതിക്ക് 10 ലക്ഷം മുതൽ 25 ലക്ഷംവരെ പ്രതിഫലം ലഭിച്ചതായാണ് പോലീസിന് വിവരം ലഭിച്ചത്. ഇതിന്റെ തെളിവുകളും പോലീസിന് ലഭിച്ചിരുന്നു. കൂടാതെ, പ്രതികൾ പലരും കാറും സ്വർണവും ഉൾപ്പെടെയുള്ളവ വാങ്ങിയതിന്റെ രേഖകളും പോലീസിന് ലഭിച്ചിരുന്നു. ഇവ കണ്ടെത്തുന്നതിന്റെ ഭാഗമായി വീട്ടുകാരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യ പ്രതി മാർട്ടിന്റെ അമ്മ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ സ്വർണം ഹാജരാക്കിയത്.
കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം. ഗണേഷ് അന്വേഷണ സംഘത്തിനു മുന്നിൽ ഇന്ന് ഹാജരായിരുന്നു. കവർച്ചയ്ക്ക് ശേഷം ആഢംബര ജീവിതം നയിക്കുകയായിരുന്നു പ്രതികൾ എന്നാണ് പോലീസിന് ലഭിച്ച വിവരം. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ പ്രതികൾ താമസിച്ചതിന്റെ രേഖകൾ ശേഖരിച്ചിട്ടുണ്ട്. കൂടുതൽ പണം കണ്ടെത്താനുണ്ടെന്നും പോലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ പ്രതികളുടെ വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്.
അന്വേഷണസംഘം ഇതുവരെ 1.25 കോടി രൂപയോളം കണ്ടെത്തിയിട്ടുണ്ട്. ബാക്കി തുക എവിടെയാണെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. കേസിൽ 19 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ ചിലർക്ക് ജയിലിൽ കോവിഡ് ബാധിച്ചതിനാൽ സുഖപ്പെട്ടശേഷം ഇവരുമായി തെളിവെടുപ്പ് നടത്തും. അതിൽനിന്ന് കൂടുതൽ വിവരങ്ങൾ കിട്ടുമെന്നാണ് കണക്കാക്കുന്നത്.
തിരഞ്ഞെടുപ്പിന് വിനിയോഗിക്കാൻ ബി.ജെ.പി. കർണാടകയിൽനിന്ന് കൊണ്ടുവന്നതാണ് മൂന്നരക്കോടിയെന്ന് കോൺഗ്രസും സി.പി.എമ്മും ആരോപിച്ചിരുന്നു. ഇതിന് അനുകൂലമായ തെളിവുകൾ ലഭിച്ചതായി പോലീസ് വെളിപ്പെടുത്തിയിരുന്നു.
Content Highlights:Kodakara money laundering case: Gold produced before probe team