ദിനംപ്രതി അശാന്തമായിക്കൊണ്ടിരിക്കുകയാണ് ലക്ഷദ്വീപ്. നിഷ്കളങ്കരായ ഒരുപറ്റം ജനങ്ങൾക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേലിന്റെ പരിഷ്കാരങ്ങൾക്കെതിരെ പലവിധത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നുവരികയാണ്. അതിലൊന്നാണ് പ്രദേശത്തെ യുവമോർച്ചയിൽ നിന്നുള്ള കൂട്ടരാജി.ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്നും എന്തുകൊണ്ടാണ് താനടക്കമുള്ളവർ സംഘടനയിൽ നിന്നും രാജിവെച്ചതെന്നും മാതൃഭൂമി ഡോട്ട് കോമിനോട് പറയുകയാണ് യുവമോർച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഹാഷിം.
എന്തുകൊണ്ടാണ് താങ്കളടക്കമുള്ള എട്ടുപേർ പാർട്ടിയിൽ നിന്ന് രാജി വെക്കാൻ കാരണം?
മനസുകൊണ്ട് ഇഷ്ടപ്പെട്ട് ബി.ജെ.പി എന്ന പ്രസ്ഥാനത്തിലേക്ക് വന്ന ഞങ്ങൾക്ക് മാനസികമായി ഒത്തിരി വിഷമം തരുന്ന സംഭവങ്ങളാണ് ഇന്ന് നടക്കുന്നത്. പാർട്ടി ഭരിക്കുമ്പോൾ ഞങ്ങളുടെ, അതായത് പാർട്ടി പ്രവർത്തകരുടെ വികാരങ്ങളെ മാനിക്കാതെ ഞങ്ങൾ തീവ്രവാദികൾ എന്ന രീതിയിലുള്ള ആരോപണം വന്നപ്പോൾ അതിനെതിരെ പ്രതിഷേധിക്കുക പോലും ചെയ്യാത്ത പാർട്ടിയുടെ നിലപാടുകളിൽ മനംനൊന്താണ് ഞങ്ങളുടെ രാജി.
ഈ വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ ജനറൽ സെക്രട്ടറി നേതൃത്വത്തിന് ഒരു കത്തയച്ചെന്ന് കേട്ടിരുന്നു. എന്തെങ്കിലും സത്യാവസ്ഥയുണ്ടോ അതിൽ?
ശരിയാണ്. പാർട്ടിയുടെ അണികളുടെ വികാരത്തിന്റെ നേർസാക്ഷ്യമായിരുന്നു ഈ കത്ത്. പാർട്ടി ആ കത്ത് തള്ളിക്കളയുകയായിരുന്നു. അത് തികച്ചും വ്യക്തിപരമാണന്ന് പറഞ്ഞ പാർട്ടിയുടെ നിലപാടുകൾ പ്രതിഷേധാർഹമാണ്.
യുവമോർച്ച പ്രവർത്തകരുടെ രാജിക്കത്ത്
ദ്വീപിലെ വിഷയങ്ങളുമായും നിങ്ങളുടെ രാജിയുമായും ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം എങ്ങനെയായിരുന്നു?
വളരെ നിരുത്തരവാദപരമായ തണുപ്പൻ പ്രതികരണമായിരുന്നു പാർട്ടിയുടേത്.
കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കൾ നിങ്ങളുമായി ബന്ധപ്പെട്ടിരുന്നോ?
കേരളത്തിൽ നിന്നും എന്നല്ല… ഒരു നേതാവും, ഇത്രയും കാലമായി പാർട്ടിയെ നെഞ്ചിലേറ്റിയ ഞങ്ങളുടെ വികാരം എന്താണെന്ന് പോലും അന്വേഷിച്ചില്ല.
ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ എന്തെങ്കിലും കാരണമുണ്ടോ?
തീർച്ചയായും. ബി.ജെ.പി.യിൽ ചേർന്ന് പ്രവർത്തിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മോദിജിയുടെ ഊർജ്ജസ്വലതയും ദീർഘവീക്ഷണവും പുരോഗമന കാഴ്ച്ചപ്പാടും കൊച്ചുതുരുത്തായ ലക്ഷദ്വീപിൽ ഒരു വലിയ മാറ്റം കൊണ്ടുവരും എന്ന പ്രതീക്ഷയായിരുന്നു. ഒരു പരിധിവരെ 2019 അവസാനഘട്ടം വരെ ആ പ്രതീക്ഷ നിലനിർത്തുകയും ചെയ്തിരുന്നു.
എന്തായിരിക്കാം ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്ക് പിന്നിൽ?
ഏകപക്ഷീയമായ തീരുമാനങ്ങളുമായി പാർട്ടിയോട് പോലും ഒരു ആലോചനയും നടത്താതെ ജനങ്ങളുടെ സ്വൈരജീവിതത്തെ ഹനിക്കുന്ന ഇന്നത്തെ നടപടികൾക്ക് പിന്നിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ കച്ചവട താൽപര്യങ്ങൾ മാത്രമാണന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാർട്ടി അജണ്ട എന്ന പുറംമോടിയോടെ നടത്തുന്ന പല നീക്കങ്ങൾക്കും പാർട്ടിയുടെ കേന്ദ്ര നേതൃത്വവുമായി ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ മുൻ ചരിത്രവും വിരൽ ചൂണ്ടുന്നതും അതിലേക്ക് തന്നെയാണ്.
ലക്ഷദ്വീപിനെ ഒരു ആഡംബര ടൂറിസ്റ്റ് കേന്ദ്രമാക്കി കോർപ്പറേറ്റുകൾക്ക് വിൽക്കാനുള്ള നീക്കമുണ്ടോ ഇതിനെല്ലാം പിന്നിൽ?
ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. അത്തരം നിലപാടുകളും നീക്കങ്ങളുമാണ് നടക്കുന്നത്. സ്വന്തം താൽപര്യങ്ങൾ മാത്രം ലാക്കാക്കി നീങ്ങുന്ന അദ്ദേഹത്തിന് പിന്നിൽ ഒരു വൻ കോർപ്പറേറ്റ് ലോബി ലക്ഷദ്വീപിനെ വിഴുങ്ങാൻ കാത്തിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്.
വളരെ സമാധാനത്തോടെ കഴിഞ്ഞിരുന്ന ഒരു ജനതയ്ക്ക് മേൽ ഗുണ്ടാ നിയമം ചുമത്തിയത് എന്തിനായിരിക്കും?
ഗുണ്ടാ നിയമം എന്തിന് ചുമത്തി എന്ന ചോദ്യം ഞങ്ങൾ പരസ്പരം ചോദിച്ചുകൊണ്ടിരിക്കുകയാണ്. ലൈറ്റില്ലാതെ സൈക്കിൾ ഓടിച്ചതിന് പെറ്റിയടിക്കുന്ന നാട്ടിൽ ഞങ്ങൾ ഇത്ര കാലത്തിനിടക്ക് ഒരു ഗുണ്ടയേയോ തീവ്രവാദിയേയോ കണ്ടിട്ടില്ല.
കേരളത്തിൽ സ്കൂളിൽ ഉച്ചഭക്ഷണത്തിനൊപ്പം മാംസമില്ല, പിന്നെന്തിനാണ് ലക്ഷദ്വീപിൽ എന്ന തരത്തിലുള്ള മറുചോദ്യങ്ങളോട് എന്താണ് പറയാനുള്ളത്?
തീർത്തും ബാലിശമാണ് ഇത്തരം പ്രതികരണങ്ങൾ. കാരണം പച്ചക്കറികൾ ഇവിടെ ദുർലഭമാണ്. കപ്പലിൽ കേരളത്തിൽ നിന്നും വരുന്ന പച്ചക്കറികൾക്കനുസരിച്ച് ജീവിതം ക്രമപ്പെടുത്താൻ ദ്വീപുകാർക്ക് ബുദ്ധിമുട്ടാണ്. ജനിച്ച കാലം മുതൽ മത്സ്യവും മറ്റ് മാംസാഹാരവും കഴിച്ച് ശീലിച്ചവരാണ് ഞങ്ങൾ. ഞങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തോടും ഭക്ഷണ താൽപര്യത്തോടും ഒപ്പം അവർ ജീവിച്ച് വളർന്ന് വന്ന ചുറ്റുപാടുകളോടും ഒട്ടും മമത കാണിക്കാതെ നടത്തിയ നീക്കമാണ് ഇത്.
ശ്രീലങ്കയിൽ നിന്ന് 15 ഐ.എസ് ഭീകരർ ലക്ഷദ്വീപിനെ ലക്ഷ്യമിട്ട് നീങ്ങിയതായി 2019-ൽ കേന്ദ്ര ഇന്റലിജൻസിന്റെ ഒരു റിപ്പോർട്ട് വന്നിരുന്നു. അതിനേക്കുറിച്ച് എന്താണ് പറയാനുള്ളത്?
അതിനുത്തരം പറയേണ്ടത് ആ വിവരം നൽകിയവരാണ്. ആ 15 ഭീകരർ എവിടെ? അവരുമായി ഏതെങ്കിലും ദീപുകാർ ബന്ധപ്പെട്ടിരുന്നോ? അതിന്റെ വല്ല തെളിവും കിട്ടിയോ? ഇവിടെ ഒരൊറ്റ ഭീകരനും ഇല്ലെന്ന് ഞങ്ങൾക്ക് നെഞ്ചിൽ കൈവച്ച് പറയാൻ പറ്റും.
പ്രക്ഷോഭങ്ങളോട് പ്രതികരിക്കാതെ പുതിയ പരിഷ്കാരങ്ങൾ നടത്തുകയാണ് അഡ്മിനിസ്ട്രേറ്റർ, എന്ത് തോന്നുന്നു?
പരിഷ്കാരങ്ങൾ ഞങ്ങൾ സ്വാഗതം ചെയ്യും. പക്ഷേ അവ പ്രദേശത്തെയും അവിടെ വസിക്കുന്നവരുടെയും ജീവിതം, സാഹചര്യം എന്നിവ മനസ്സിലാക്കിക്കൊണ്ട് വേണം. അത് ഇപ്പോൾ കാണുന്നില്ല എന്നതാണ് ഖേദകരം.
ഇവിടം വിടേണ്ടി വന്നാൽ എങ്ങോട്ടുപോകും എന്ന ഭീതി ജനങ്ങൾക്ക് അനുഭവപ്പെട്ടുതുടങ്ങിയോ?
അങ്ങനെ ഒരവസ്ഥ ഉണ്ടാവും എന്ന് ഭൂരിപക്ഷത്തിനും തോന്നലില്ല. പ്രകൃതിയോട് ഇഴുകിച്ചേർന്ന് ജീവിച്ച ഒരു സമൂഹത്തിന് അങ്ങനെ ഒരു പറിച്ച് നടൽ താങ്ങാനോ ഉൾക്കൊള്ളാനോ കഴിയില്ല എന്നുറപ്പാണ്….. കാരണം, അത്രമാത്രം നിഷ്കളങ്കരും സ്വസ്ഥത ആഗ്രഹിക്കുന്നവരുമാണ് ലക്ഷദ്വീപ് ജനത.
Content Highlights:Lakshadweep Issue, Ex Yuvamorcha Leader in Lakshadweep Interview, Lakshadweep Administrator