തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ നടൻ പൃഥ്വിരാജിനെതിരേ നടക്കുന്ന അപകീർത്തികരമായ പ്രചാരണങ്ങളെ തള്ളി സംവിധായകൻ പ്രിയദർശൻ. സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പൃഥ്വിരാജിന് നേരെയുണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവുമുള്ള എല്ലാവരെയും പോലെ താനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും പ്രിയദർശൻ വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രിയദർശന്റെ പ്രതികരണം. ഓരോ മനുഷ്യനും ചുറ്റുംനടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായങ്ങളും നിലപാടുകളുമുണ്ടാകും. ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപിലെ പ്രശ്നങ്ങളെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ആ അഭിപ്രായത്തോട് വിയോജിക്കാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അതാരു ചെയ്താലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപിൽ ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുക എന്നാൽ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാൻ വയ്യ. സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. content highlights:priyadarshan supports prithviraj, priyadarshan facebook post