മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, “വനം വന്യജീവി വകുപ്പിന്റെ മന്ത്രിയെന്ന നിലയിൽ ഏറ്റവും സന്തോഷ ത്തോടെയാണെന്റെ ഈ കുറിപ്പ്. കേരളത്തിൽ ആദ്യമായെത്തിയ യൂറേഷ്യൻ കഴുകനെ കണ്ണൂർ ചക്കരക്കല്ലിൽ അവശനായി കണ്ടതും പിന്നീട് അതിനെ വനം വകുപ്പ് സന്നദ്ധ സംഘടനയായ മാർക്കിന്റെ സഹായത്തോടെ പരിപാലിച്ച് പൂർണ്ണ ആരോഗ്യവാനാക്കി വയനാട് മുത്തങ്ങയിൽ വിട്ടതും നമ്മൾ പത്രവാർത്തയായി അറിഞ്ഞതാണല്ലോ.”
“ഇന്ന് നമ്മുടെ കേരളത്തിൽ കഴുകന്മാരുള്ളത് വയനാട്ടിൽ മാത്രമാണ് മുത്തങ്ങയിൽ ജനുവരി 31 ന് വിട്ട കഴുകൻ ഫെബ്രവരി 28 വരെ നമ്മുടെ കാട്ടിൽ തന്നെ ഉണ്ടായിരുന്നു. ഈ കഴുകൻ മഹാരാഷ്ട യിലെ സഹ്യാദ്രി കടുവ സങ്കേതത്തിൽ എത്തിയതായി മഹാരാഷ്ട വനം വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്.”
“അതിഥി ദേവോ ഭവ എന്ന നമ്മുടെ ആപ്തവാക്യം മുറുകെ പിടിച്ച് കഴുകനെ പരിപാലിച്ച കണ്ണൂരിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ച് ഞാൻ അഭിമാനിക്കുന്നു. ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിലെ ഡോ വിഭുപ്രകാശിന്റെ നിർദേശാനുസരണം വനം വകുപ്പ് കഴുകന്റെ ചിറകിൽ ഘടിപ്പിച്ച ടാഗാണ് ഈ കഴുകൻ ഇവിടെ നിന്നും പോയതാണെന്ന് തിരിച്ചറിയാൻ കാരണം. കഴുകനെ പരിപാലിച്ച സഹപ്രവർത്തകർക്ക് എന്റെ അഭിവാദ്യങ്ങൾ, പ്രിയ സഹജീവി ഹിമാലയം കടന്ന് ജന്മനാട്ടിലെത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു.” എകെ ശശീന്ദ്രൻ വ്യക്തമാക്കി.