കോഴഞ്ചേരി> നീറുന്ന ജീവിതത്തിന്റെ കനൽവഴികൾ താണ്ടിയ ശിഷ്യൻ ഗുരുവിന്റെ അനുഗ്രഹം തേടി വീണ്ടുമെത്തി. മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാറാണ് ബിഷപ്പ് മൂർ കോളജ് പ്രിൻസിപ്പലായിരുന്ന ഡോ.മാത്യു കോശി പുന്നയ്ക്കാടിനെ തേടി കോഴഞ്ചേരിയിലെത്തിയത്. നാടിന്റെ നായകനായിട്ടും ആ യുവ നേതാവ് വന്ന വഴി മറന്നില്ല.കോളജ് വിദ്യാഭ്യാസ കാലത്തെ മരിക്കാത്ത സ്നേഹാദരവുകളാണ് ഈ അധ്യാപകനെ തേടിയെത്താൻ എംഎൽഎയെ പ്രേരിപ്പിച്ചത്. ഉന്നതങ്ങൾ കീഴടക്കുമ്പോഴും ആ യുവാവ് സൂക്ഷിച്ച വിനയവും വിവേകവും ആത്മാർഥതയും അധ്യാപകനെ അത്ഭുതപ്പെടുത്തി.
ഡോ. മാത്യു കോശി പുന്നയ്ക്കാട്ടുള്ള വീട്ടിൽ നിന്നും കാറിലാണ് കോളജിലേക്ക് പോകുക. മിക്ക ദിവസങ്ങളിലും കൊല്ലകടവ് പാലത്തിന് സമീപത്ത് നിന്നും കൈ കാണിച്ച് അരുൺകുമാർ കാറിൽ കയറും. അന്ന് കോളജ് യൂണിയൻ ചെയർമാനാണ് അരുൺ. പല ദിവസങ്ങളിലും വിദ്യാർഥിയെ കാണാറില്ല. അവിടെ വണ്ടി നിർത്തി കുറച്ചു നേരം കാത്തു നിന്നിട്ടുണ്ട്. ഒടുവിൽ കാരണം അന്വേഷിച്ചപ്പോഴാണ് വിദ്യാർഥി നേതാവ് തന്റെ ജീവിതകഥ പറഞ്ഞത്.
“ലക്ഷങ്ങളുടെ കടബാധ്യത. രാത്രിയിൽ മീൻ പിടിക്കാനും, മറ്റു ചില ദിവസങ്ങളിൽ വേറെ പണികൾക്കും പോകും. അതാണ് പലപ്പഴും കോളേജിൽ വരാത്തത്. ഒരു നാൾ അരുൺ പറഞ്ഞു: കഴിഞ്ഞ രാത്രി മീൻ പിടിക്കാൻ പോയി. ഒന്നും കിട്ടിയില്ല സാർ. അത് പറഞ്ഞ് അവൻ നിശബ്ദനായിരുന്നു. ഡോ. മാത്യു കോശി ഓർക്കുന്നു. പല ദിവസങ്ങളിലും ഇത്തരം അനുഭവം അവന് ഉണ്ടായിട്ടുണ്ടാവും.അത്തരം സങ്കടക്കടൽ താണ്ടുമ്പോഴും പഠനത്തിലും സംഘടനാ പ്രവർത്തനത്തിലും അരുൺ കാട്ടിയ ഇഛാശക്തി അത്ഭുതപ്പെട്ടുത്തിയിട്ടുണ്ട്.
ദാരിദ്ര്യത്തോട് പടവെട്ടി ജീവിക്കുന്ന ആ വിദ്യാർഥിയോട് എനിക്ക് സ്നേഹവും ബഹുമാനവും തോന്നി. ആ അനുഭവം തെരഞ്ഞെടുപ്പു സമയത്ത് ഡോ.മാത്യു കോശി പങ്കുവെച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം കോവിഡ് പ്രതിസന്ധികൾക്കും ലോക്ഡൗണിനും ഇടയിലും എംഎൽഎ അധ്യാപകനെ തേടി എത്തുകയായിരുന്നു.















