തൃശൂർ > കൊടകര കുഴല്പ്പണക്കേസില് ബിജെപി നേതൃത്വത്തിനെതിരെ നിര്ണായക വിവരങ്ങള് പുറത്ത്. കുഴല്പ്പണ കടത്തു സംഘത്തിന് ജില്ലയില് മുറി ഏര്പ്പാടാക്കിയത് ബിജെപി ജില്ലാ നേതൃത്വം അറിഞ്ഞു കൊണ്ട്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില് നിന്നാണ് റൂം ബുക്ക് ചെയ്തതെന്ന് ഹോട്ടല് ജീവനക്കാരന് വെളിപ്പെടുത്തി. 3 കിടക്കകളുള്ള മുറിയാണ് ബുക്ക് ചെയ്തത്.
ഇക്കാര്യങ്ങള് പോലീസിനോട് പറഞ്ഞതായും ലോഡ്ജിലെ രജിസ്റ്റര് പോലീസ് പരിശോധിച്ചതായും ഹോട്ടല് ജീവനക്കാരന് വ്യക്തമാക്കി. ഹോട്ടലിലെ സിസിടി വി ദ്യശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് കുഴൽപ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ കൊടകരയിൽ നേതാക്കൾതന്നെ കവർന്ന കേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത കുറ്റസമ്മതം നടത്തിയിട്ടുണ്ട്. യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്ക് നൽകിയ മൂന്നരക്കോടി രൂപ കർത്തയ്ക്ക് കൈമാറാനായിരുന്നു നിർദേശമെന്ന് കുഴൽപ്പണകടത്തുകാരനായ ധർമരാജിന്റെ മൊഴിയാണ് കർത്തയെ കുടുക്കിയത്. ബുധനാഴ്ച ചോദ്യംചെയ്യലിൽ ധർമരാജനുമായി സംസാരിച്ച കാര്യം കർത്ത ആദ്യം നിഷേധിച്ചു.
കേസിലുൾപ്പെട്ടവരുമായി ഫോണിൽ സംസാരിച്ചതിന് വ്യക്തമായ മറുപടി നൽകാനായില്ല. പൊലീസ് തെളിവുകൾ വ്യക്തമാക്കിയതോടെ എല്ലാം തുറന്ന് സമ്മതിക്കുകയായിരുന്നു. അടുത്ത ദിവസം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരെ ചോദ്യം ചെയ്യും.
അതിനുശേഷം വീണ്ടും കർത്തയെ വിളിപ്പിക്കും. ഉന്നത നേതാക്കളുമായി കേസിനുള്ള ബന്ധത്തിന്റെ അതിനിർണായക വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
അതിനിടെ കേസിൽ ആറാം പ്രതി മാർട്ടിന്റെ വീട്ടിൽനിന്ന് ഒമ്പത് ലക്ഷം രൂപയും പത്തര ലക്ഷത്തിന്റെ വസ്തുക്കളും കണ്ടെത്തി. കവർച്ചക്കുശേഷം മൂന്ന് ലക്ഷം രൂപയ്ക്ക് ഇന്നോവ കാറും മൂന്നര ലക്ഷം രൂപയുടെ സ്വർണവും മാർട്ടിൻ വാങ്ങിയതായി കണ്ടെത്തി. നാല് ലക്ഷം ബാങ്കിൽ അടച്ചതുൾപ്പെടെ 19.5 ലക്ഷത്തിന്റെ പണവും രേഖകളുമാണ് കണ്ടെടുത്തത്. ഇതോടെ കേസിൽ പ്രതികളിൽനിന്ന്മാത്രം ഒന്നേകാൽ കോടി രൂപ കണ്ടെടുത്തു. ബിജെപി നേതാക്കളെ ചോദ്യംചെയ്യുന്നതോടെ ബാക്കി പണംകൂടി കണ്ടെത്താനാവുമെന്നാണ് വിലയിരുത്തൽ.