പോളണ്ട്: യുവേഫ യൂറോപ്പ ലീഗില്‍ ചരിത്രം കുറിച്ച് സ്പാനിഷ് ടീം വിയ്യാറയല്‍. കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഐതിഹാസിക പെനാലിറ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ആദ്യമായി കിരീടം ചൂടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിക്കുകയായിരുന്നു. പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ അവസാന കിക്കെടുത്ത യുണൈറ്റഡ് ഗോളി ഡേവിസ് ഡിഹെയക്ക് പിഴച്ചു. 11-10 എന്ന സ്കോറിലാണ് വിയ്യറയല്‍ പെനാലിറ്റിയില്‍ കിരീടം സ്വന്തമാക്കിയത്.
കളിയിലുടനീളം സ്പാനിഷ് ക്ലബ്ബിന് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ യുണൈറ്റഡിനായിരുന്നു. 61 ശതമാനം പന്തടക്കം. പക്ഷെ മുന്നേറ്റത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു എന്ന് പറയാം. ആദ്യം ഗോള്‍ വല ഭേദിച്ചത് വിയ്യാറയലായിരുന്നു. 29-ാം മിനുറ്റില്‍ ജെറാഡ് മൊറേനോ. ടീമിനായി മൊറേനോയുടെ 82-ാം ഗോളായിരുന്നു കലാശപ്പോരാട്ടത്തില്‍ പിറന്നത്.
Also Read: യുവതാരങ്ങൾക്ക് സ്പാർക്കില്ലെന്ന ധോണിയുടെ പരാമർശത്തിൽ വെളിപ്പെടുത്തലുമായി എൻ.ജഗദീശൻ
ആദ്യ പകുതിയില്‍ ഒപ്പമെത്താണ് യുണൈറ്റഡിനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വിയ്യാറയല്‍ യുണൈറ്റഡിനെ ഭയപ്പെടുത്തി. എന്നാല്‍ 55-ാം മിനുറ്റില്‍ യുണൈറ്റഡ് സമനില ഗോള്‍ നേടി. എഡിസണ്‍ കവാനിയാണ് ലക്ഷ്യം കണ്ടത്. മക്ടോമിനെയുടെ കാലുകളാണ് ഗോളിന് വഴിയൊരുക്കിയത്.
പിന്നീട് ആര്‍ക്കും മുന്നിലെത്താനായില്ല. നിശ്ചിത, അധിക സമയങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം. പെനാലിറ്റിയിലും സമാന സ്ഥിതി. കിക്കെടുത്ത പതിനൊന്നും വിയ്യാറയല്‍ താരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍ യുണൈറ്റഡിന്റെ ഡിഹെയക്ക് മാത്രം പിഴവ് പറ്റി. വിയ്യാറയല്‍ ഗോളി ജെറോനിമോ റുല്ലിയുടെ കൈകളിലേക്ക് പന്തടിച്ചു നല്‍കി. വിയ്യാറയല്‍ നേടുന്ന ആദ്യ പ്രധാനപ്പെട്ട കിരീടം കൂടിയായിരുന്നു യൂറോപ്പ ലീഗ്.
The post ആവേശം നിറച്ച് പെനാലിറ്റി ഷൂട്ടൗട്ട്; 22 കിക്കിനൊടുവില്‍ വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം appeared first on Indian Express Malayalam.