തിരുവനന്തപുരം
സർക്കാരിന്റെ പ്രധാന പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ പ്രത്യേക പരിഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പ് സെക്രട്ടറിമാർക്ക് നിർദേശം നൽകി.
എൽഡിഎഫ് പ്രകടനപത്രികയിൽ പറഞ്ഞവ മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കണം. കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പദ്ധതികളിൽ നടപ്പാക്കാൻ ബാക്കിയുള്ളവയ്ക്കും മുൻഗണന നൽകണം.
അതീവ ദാരിദ്ര്യനിർമാർജനം, സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് സർക്കാർ ഓഫീസിൽ വരാതെ തന്നെ ലഭ്യമാക്കൽ, ഗാർഹിക ജോലിക്കാരായ സ്ത്രീകളുടെ അവകാശം സംരക്ഷിക്കൽ, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും സേവനങ്ങളും മറ്റാവശ്യങ്ങളും വീട്ടുപടിക്കൽ എത്തിക്കുന്നതടക്കം സർക്കാർ തയ്യാറാക്കിയ എല്ലാ കർമപരിപാടികളും സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കണം.
സേവനങ്ങൾ അവകാശം
സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കാനുള്ള സമഗ്ര നടപടിക്ക് മന്ത്രിസഭ തീരുമാനിച്ചു. സേവന അവകാശ നിയമം കൂടി പരിഗണിച്ചാകും ഇവ.
ഭരണ നിർവഹണത്തിൽ സുതാര്യത ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. കൊച്ചി- –-ബംഗളൂരു വ്യവസായ ഇടനാഴി, എറണാകുളം–- -മംഗളൂരു വ്യവസായ ഇടനാഴി എന്നിവയുടെ കാര്യത്തിൽ തുടർ നടപടിസ്വീകരിക്കും. സെമി ഹൈസ്പീഡ് റെയിൽവേ, തീരദേശ, മലയോര ഹൈവേകളും വലിയ മാറ്റമാണ് കേരളത്തിലുണ്ടാക്കുക. പുതിയ പദ്ധതികൾ പൂർത്തിയാക്കും.
കടലാക്രമണം തടയാൻ ഏതെല്ലാം അറിവുകൾ ശേഖരിച്ച് പ്രാവർത്തികമാക്കാൻ പറ്റുമെന്ന സാധ്യതകൾ ആരായും. കേന്ദ്ര സർക്കാരിൽനിന്നുള്ള സാമ്പത്തിക സഹായം കൃത്യമായി നേടിയെടുക്കാൻ പ്രത്യേക സംവിധാനം വേണമെങ്കിൽ ആലോചിക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഒഴിവ് റിപ്പോർട്ട് ചെയ്യൽ: പുരോഗതി
പരിശോധിക്കും
ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ സ്വീകരിച്ച നടപടികളുടെ പുരോഗതി ചീഫ് സെക്രട്ടറി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിഎസ്സി റാങ്ക് പട്ടികയിൽനിന്ന് പരമാവധി നിയമനം നടത്താൻ കഴിയുന്നരീതിയിൽ ഫെബ്രുവരി പത്തിനു ചേർന്ന മന്ത്രിസഭായോഗം ചില നടപടി സ്വീകരിച്ചിരുന്നു. സ്ഥാനക്കയറ്റത്തിന് ഉദ്യോഗസ്ഥർ അർഹത നേടാത്ത സാഹചര്യത്തിൽ ഹയർ കേഡർ ഒഴിവുകൾ ഡി- കേഡർ ചെയ്ത് റാങ്ക് ലിസ്റ്റ് നിലനിൽക്കുന്ന കേഡറിലെ ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യണമെന്നതായിരുന്നു പ്രധാന തീരുമാനം. ഇതിന്റെ പുരോഗതി പരിശോധിക്കും.
വിരമിക്കൽ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാനും നിർദേശിച്ചിരുന്നു. ഇതും പരിശോധിക്കും. പിഎസ്സിക്ക് വിടാത്ത നിയമനങ്ങൾ പിഎസ്സിക്ക് വിടാൻ സ്പെഷ്യൽ റൂളുകൾ തയ്യാറാക്കുന്നതിലെ പുരോഗതി സെക്രട്ടറിമാർ ചീഫ് സെക്രട്ടറിയെ അറിയിക്കും.
പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിക്കും
പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനം നടപ്പാക്കുന്നതിന്റെ പുരോഗതി ജനങ്ങളെ അറിയിക്കാൻ വരുംവർഷങ്ങളിലും സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരും അഞ്ചു വർഷവും പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തിൽ കാലതാമസം പാടില്ലെന്ന് നിർദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.