ആലപ്പുഴ/ നെടുങ്കണ്ടം > ആറുപതിറ്റാണ്ട് മുമ്പ് കുന്നുകയറി വന്നൊരാൾ നട്ട പേരിന്ന് ബാക്കി. ഇടുക്കി രാമക്കൽമേട് കരുണാപുരം പഞ്ചായത്തിലെ ബാലൻപിള്ള സിറ്റിയുടെ ‘പിതാവ്’ ബാലൻപിള്ള എന്ന കെ പി ബാലകൃഷ്ണപിള്ള (96) ആലപ്പുഴ പാതിരപ്പള്ളിയിൽ നിര്യാതനായി.
ബാലൻപിള്ള സിറ്റി എന്ന സ്ഥലപ്പേരിന് കാരണക്കാരനായ ബാലൻപിള്ള യാത്രയാകുമ്പോൾ, അനശ്വരമാകുന്നത് മലയോരഗ്രാമത്തിന്റെ തുടിക്കുന്ന ജീവിതാസക്തി കൂടിയാണ്. ആലപ്പുഴ പഴവീട് സ്വദേശിയായ ഇദ്ദേഹം 1956ലാണ് രാമക്കൽമേടിനടുത്ത് അഞ്ചേക്കർ സ്ഥലം കുടിയിരിപ്പായി കിട്ടിയതിനെ തുടർന്ന് കുടിയേറ്റ കർഷകനായി എത്തിയത്. ഭാര്യയും മൂന്നു പിഞ്ചുമക്കളും കൂടെയുണ്ടായിരുന്നു. കൃഷി തുടങ്ങിയ ഇദ്ദേഹം ചായ പീടികയും അരികിൽ തയ്യൽക്കടയും പലചരക്കുകടയും തുടങ്ങി. പിന്നീട് നാട്ടുകാർക്ക് പണം വായ്പ നൽകി സഹായിച്ചു. അക്കാലത്തെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രം കൂടിയായിരുന്നു പൊതുപ്രവർത്തകൻ കൂടിയായ മാറിയ ബാലൻപിള്ളയുടെ ചായക്കട. കടയ്ക്ക് എതിർവശം അദ്ദേഹം നട്ടുപിടിപ്പിച്ച ആൽമരം ഇന്ന് ഓർമകളുമായി വളർന്നു പന്തലിച്ചുനിൽക്കുന്നു.
1987ൽ സ്ഥലമെല്ലാം വിറ്റ് ഇദ്ദേഹം ആലപ്പുഴയിലേക്ക് മടങ്ങി. പിന്നീട് 2017ൽ വീണ്ടും ബാലൻപിള്ള സിറ്റിയിലെത്തി; വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച മാരത്തോണിൽ ആദരവ് ഏറ്റുവാങ്ങാൻ. ‘എത്സമ്മ എന്ന ആൺകുട്ടി’ സിനിമയിലും ബാലൻപിള്ള സിറ്റി താരമായി.
പാതിരപ്പള്ളി സൗപർണികയിൽ മകൾ ഗീത മോഹന്റെ കൂടെയായിരുന്നു മൂന്നു വർഷമായി താമസം. ഭാര്യ: പരേതയായ ഭാർഗവിയമ്മ. മക്കൾ: ചന്ദ്രമോഹൻ, വിമല എസ് നായർ, ശ്രീദേവി എസ് നായർ, രവീന്ദ്രനാഥ്, ശ്രീകുമാർ, ഗീത മോഹൻ. മരുമക്കൾ: ശശിധരൻനായർ, വാസുദേവൻനായർ, ശോഭനാദേവി, മോഹനൻനായർ.