കോഴിക്കോട്: കോവിഡ് രോഗികൾക്കായി കേന്ദ്ര ആയുഷ് വകുപ്പ് പുറത്തിറക്കിയ ആയുഷ് 64 എന്ന ഔഷധം രാജ്യത്തുടനീളം സേവാഭാരതി പ്രവർത്തകർ വഴി വിതരണം ചെയ്യാനുള്ള തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്ന് എം.വി. ശ്രേയാംസ് കുമാർ എം.പി. ആവശ്യപ്പെട്ടു. വിചിത്രവും നീതീകരിക്കാനാവാത്തതുമായ ഈ തീരുമാനത്തിന്പിന്നിൽ പ്രവർത്തിച്ചവർക്കെതിരേ നടപടിയെടുക്കണമെന്നും കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് യെശോ നായിക്കിന് അയച്ചകത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
തീവ്രത കുറഞ്ഞ കോവിഡ് രോഗികൾക്ക് വൈദ്യ നിർദേശപ്രകാരം മാത്രമുപയോഗിക്കാനുള്ള മരുന്നാണ് ആയുഷ് 64. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗാവസ്ഥകളുള്ളവർ കരുതലോടെയേ ഇതുപയോഗിക്കാവൂ എന്ന് ആയുഷ് മന്ത്രാലയം തന്നെ നിർദേശിച്ചിട്ടുമുണ്ട്. ഇങ്ങനെയിരിക്കെ, സേവാഭാരതി പ്രവർത്തകരെയുപയോഗിച്ച് മരുന്ന് കോവിഡ് രോഗികളുടെ വീടുകളിലെത്തിക്കാനുള്ള നീക്കം അശാസ്ത്രീയവും വൈദ്യശാസ്ത്ര ധാർമികതയ്ക്ക് നിരക്കാത്തതുമാണ്.
സേവാഭാരതിക്ക് ആയുർവേദ ചികിത്സയിലും മരുന്നുവിതരണത്തിലും പ്രാവീണ്യമോ മുൻ പരിചയമോ ഇല്ല. സുപ്രധാനമായ ഈ ദൗത്യത്തിന് സേവാഭാരതിയെ മാത്രം തിരഞ്ഞെടുത്തത്അത്യധികം ആശ്ചര്യവും ഞെട്ടലും ഉളവാക്കുന്നതാണ്.
കോവിഡ് മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംഗീകൃത മെഡിക്കൽ പ്രാക്ടീഷണർമാർ മാത്രം കൈകാര്യം ചെയ്താൽ മതിയെന്ന ലോകാരോഗ്യസംഘടനയുടെ മാർഗനിർദേശം നിലനിൽക്കെ, ഈ തീരുമാനം ഇന്ത്യയെ ലോകരാഷ്ട്രങ്ങൾക്കു മുന്നിൽ അപഹാസ്യമാക്കും.യുക്തിരഹിതവും അശാസ്ത്രീയവും അപലപനീയവുമായ ഈ തീരുമാനം എത്രയും വേഗം പിൻവലിക്കണമെന്നും ശ്രേയാംസ് കുമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.













