തിരുവനന്തപുരം > സംസ്ഥാനത്ത് കോവിഡ് വ്യാപനത്തില് കുറവുവരുന്നെങ്കിലും പൂര്ണമായും ആശ്വസിക്കാവുന്ന നിലയായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദൈനംദിനം രോഗവിമുക്തി നേടുന്നവരുടെ എണ്ണം രോഗികളാകുന്നവരുടെ എണ്ണത്തേക്കാള് കൂടുതലാണെന്നത് ആശ്വാസകരമാണ്. നിയന്ത്രണങ്ങളോട് പൊതുസമൂഹം ക്രിയാത്മകമായി പ്രതികരിച്ചതിന്റെ ഗുണഫലമാണ് രോഗവ്യാപനത്തില് കാണുന്ന ഈ കുറവ്. പക്ഷേ, ജാഗ്രതയില് തരിമ്പും വീഴ്ച വരുത്താന് പറ്റാത്ത സാഹചര്യം തുടരുകയാണെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് പറഞ്ഞു.
ആശുപത്രികളില് ചികിത്സയില് കഴിയുന്നവരുടെ എണ്ണത്തില് കുറവുണ്ടായിട്ടില്ല. ഐസിയു ബെഡുകളിലും വെന്റിലേറ്ററുകളിലും ഇപ്പോള് അനുഭവപ്പെടുന്ന തിരക്ക് കുറച്ചു നാളുകള് കൂടി നീണ്ടു നില്ക്കും. അതിനാല് ആശുപത്രികളില് കൂടുതല് തിരക്കുണ്ടാകാതിരിക്കുക എന്നത് അനിവാര്യമാണ്. മനുഷ്യജീവനുകള് നഷ്ടപ്പെടാതിരിക്കാന് വേണ്ട ഏറ്റവും പ്രധാന മുന്കരുതലാണത് എന്നോര്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
വാക്സിന് മുന്ഗണനാ പട്ടികയില് ഫീല്ഡില് പ്രവര്ത്തിക്കുന്ന സിവില് സപ്ലൈസ്, സപ്ലൈകോ, ലീഗല് മെട്രോളജി, സര്ക്കാര് പ്രസ്, ടെക്സ്റ്റ് ബുക്ക് അച്ചടി, പാസ്പോര്ട്ട് ഓഫീസ് ജീവനക്കാരെ കൂടി ഉള്പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.