തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണിക്കുള്ള കരാർ ആയി. 98 ലക്ഷത്തോളം രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികൾക്കുള്ള കരാർ. സർക്കാരിന്റെ അക്രഡിറ്റഡ് കരാറുകാരായതിനാൽ ടെൻഡർ ഇല്ലാതെയാണ് കരാർ നൽകിയത്.
ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ട് ഗൺമാൻമാർ, ഡ്രൈവർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർക്കായുള്ള വിശ്രമ മുറികളാണ് നവീകരിക്കുക. ഇതിനുള്ള കരാറാണ് ഊരാളുങ്കലിന് നൽകിയത്.
അതേസമയം, മറ്റ് മന്ത്രിമന്ദിരങ്ങളുടെയും അറ്റകുറ്റപ്പണികൾക്കുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഓരോ മന്ത്രിമാർക്കുമായുള്ള ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണികൾ ഏതൊക്കെയാണ് വേണ്ടത് എന്നതിൽ എസ്റ്റിമേറ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ചില വസതികളുടെ എസ്റ്റിമേറ്റ് പൂർത്തിയായിട്ടുമുണ്ട്.
സാധാരണ ഗതിയിൽ മന്ത്രിമന്ദിരങ്ങൾക്കുള്ള എസ്റ്റിമേറ്റുകൾ പൂർത്തിയാക്കുന്നത് ടൂറിസം വകുപ്പാണ്. തുടർന്ന് ഇത് പൊതുമരാമത്ത് വകുപ്പിന് കൈമാറും. പൊതുമരാമത്ത് വകുപ്പാണ് ടെൻഡർ വിളിക്കുക. പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയതിനാൽ അടിയന്തര പ്രാധാന്യമുള്ള വിഷയമായി പരിഗണിച്ച് അക്രഡിറ്റഡ് ഏജൻസികൾക്ക് കരാർ നൽകാനും വകുപ്പുണ്ട്.
Content Highlights:98 lakh contract for Cliff House repairs