കോഴിക്കോട് -> മലബാറിലെ പ്രമുഖ അഭിഭാഷകൻ വർക്കി പൈക്കട(96) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് കോൺവെന്റ് റോഡിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാവൂർ ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.
പാലായിലെ പൈകട കുടുംബാംഗമാണ്. തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളേജിൽ നിന്ന് എംഎയും – മദ്രാസ് ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. 1956 ൽ കേരളപ്പിറവി ദിനത്തിൽ കോഴിക്കോട് ബാറിൽ പ്രാക്ടീസ് ആരംഭിച്ചു. അഡ്വ. കേരളവർമയുടെ ജൂനിയറായാണ് തുടക്കം. പി കെ ലക്ഷണ അയ്യരുടെ കൂടെ സിവിലിലും കുഞ്ഞിരാമമേനോന്റെ കൂടെ ക്രിമിനലിലും പരിശീലിച്ചു.
1960 ൽ സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. – അക്കാലത്ത് പി ടി ചാക്കോയൊടൊപ്പം കുറ്റ്യാടിയിലെ മലമുകളിൽ കേസന്വേഷണത്തിന്റെ ഭാഗമായി ഒന്നിച്ച് പോയി. ചാക്കോയുടെ അന്ത്യസമയത്ത് കൂടെയുണ്ടായിരുന്നു. കേരള കോൺഗ്രസ് നേതാവ് കെ എം മാണി കോഴിക്കോട് ബാറിൽ പ്രാക്ടീസ് ആരംഭിച്ചപ്പോൾ മുതലുള്ള ആത്മബന്ധം അവസാനം വരെ തുടർന്നു. കുടിയേറ്റ–- കാർഷിക ഭൂമി പ്രശ്നങ്ങളിൽ – കോടതി വ്യവഹാരങ്ങൾക്ക് കർഷക ജനതക്ക് എന്നും ഒരത്താണിയായിരുന്നു പൈക്കട.
കലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റായും – പബ്ലിക് പ്രോസിക്യൂട്ടറായും ഏറെക്കാലം പ്രവർത്തിച്ചു. സാമൂഹ്യ–– കായിക രംഗത്തും മുന്നിൽ നിന്ന വക്കീൽ. നല്ല ടെന്നീസ് കളിക്കാരൻ കൂടിയായിരുന്നു. കോസ്മോപൊളിറ്റൻ ക്ലബ്ബ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു.
കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന പരേതനായ പി ജെ ജോസഫ് കൈനടിയുടെ സഹോദരി പരേതയായ അമ്മിണിയാണ് ഭാര്യ. – മക്കൾ: ഡോ. എലിസബത്ത്(ഗീത),- ടെസ്സി. മരുമക്കൾ: ഡോ. ബാബു ജോർജ് വെള്ളാപ്പള്ളി (എടത്വാ), ടോണി കുരുവിള ആനത്താനം (കാഞ്ഞിരപ്പള്ളി).