ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികളെ വിമര്ശിച്ച നടന് പൃഥ്വിരാജിനെ അധിക്ഷേപിച്ച് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. കൈപറ്റുന്ന പച്ചപ്പണത്തിനു ഉപരിയായി കുറച്ചെങ്കിലും അച്ഛന്റെ ഗുണഗണങ്ങള് അവശേഷിക്കുന്നുണ്ടെങ്കില്, സൈനിക് സ്കൂളില് നിന്നും നേടിയെടുത്ത വ്യക്തിത്വം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കില് ലക്ഷദ്വീപിനെകുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെ പുനര്വിചിന്തനം ചെയ്യണമെന്ന് ഗോപാലകൃഷ്ണന് പറഞ്ഞു.
പൃഥ്വിരാജിന്റെ അച്ഛന് സുകുമാരന് തനിക്കിഷ്ടപ്പെട്ട ഒരു നടന് ആണെന്നും എന്നാല്, അഛന് സുകുമാരന് പൃഥ്വിരാജ് ഒരു അപമാനമാണെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. സൗമ്യയെക്കുറിച്ചും ബംഗാളിലെ ഹിന്ദു വംശഹത്യയെക്കുറിച്ചും ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തില് എന്തായിരുന്നു ഇത്രയും വ്യഗ്രതയെന്നും രോഗാപലകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പില് ചോദിച്ചു.
ലക്ഷദ്വീപില് ഐഎസ് തീവ്രവാദികളുടെ സാന്നിധ്യമുണ്ട്. അവിടെ ടൂറിസ് കേന്ദ്രമാക്കാന് നിയമനടപടികള് വേണ്ടിവരും. ഗുണ്ടാ ആക്ട് കൊണ്ടുവരുമ്പോള് ഭയക്കേണ്ടത് ഗുണ്ടകളാണ്. പൃഥ്വിരാജ് ഗുണ്ടകള്ക്കുവേണ്ടിയാണോ വക്കാലത്ത് എടുത്തിരിക്കുന്നതെന്നും ഗോപാലകൃഷ്ണന് ചോദിച്ചു.