കേരളത്തിന്റെ സഹകരണ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ. കേരള ബാങ്കിനെ സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും സഹകരണ മേഖലയെ തളർത്തുന്ന കേന്ദ്ര നയങ്ങൾക്കെതിരെ നിയമ പോരാട്ടമുൾപ്പെടെയുള്ള നീക്കങ്ങൾ ഉണ്ടാകുമെന്നും മന്ത്രി വി.എൻ. വാസവൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സഹകരണ മന്ത്രിയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം….
രാജ്യത്ത് ഏറ്റവുമധികം കാര്യക്ഷമമായി പ്രവർത്തിക്കുന്ന സഹകരണ മേഖലയുള്ളത് കേരളത്തിലാണ്. എന്നാൽ സഹകരണ ബാങ്കിങ് മേഖലയിൽ റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന സാഹചര്യമുണ്ട്. ഇത്തരം വെല്ലുവിളികളെ നേരിടാൻ എന്താണ് സർക്കാരിന്റെ മുന്നിലുള്ള കർമ പരിപാടികൾ?
കേരളത്തിലെ സഹകരണമേഖലയെ പൊതുവിൽ ബാധിക്കുന്ന വിഷയങ്ങളിൽ നിയമപരമായി നേരിടാൻ കോടതിയെ സമീപിക്കുക, അതോടൊപ്പം തന്നെ കേന്ദ്ര നയങ്ങളെ തുറന്നുകാട്ടുന്ന പോരാട്ടങ്ങൾ സർക്കാർ സംഘടിപ്പിക്കും. കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല വളരെ ശക്തിയാർജിച്ചതാണ്. അതിനെ ക്ഷീണിപ്പിക്കുന്നതിന് എതിരെയുള്ള എല്ലാ പോരാട്ടങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.
കേരള ബാങ്കിന്റെ പ്രവർത്തനം എത്രത്തോളം കാര്യക്ഷമമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്?
മുമ്പ് ജില്ലാ സഹകരണ ബാങ്കുകളുടെ അപ്പക്സ് ബോഡിയായിട്ടായിരുന്നു സംസ്ഥാന സഹകരണ ബാങ്ക് പ്രവർത്തിച്ച് വന്നിരുന്നത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകൾക്ക് ത്രീ ടയർ സംവിധാനമായിരുന്നു. പ്രൈമറി അഗ്രികൾച്ചർ ക്രെഡിറ്റ് സൊസൈറ്റി അഥവാ പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ ആയിരുന്നു അതിലൊന്ന്. ഇവയുടെ അപ്പക്സ് ബോഡിയായി ജില്ലാ സഹകരണ ബാങ്കുകളും ജില്ലാ ബാങ്കുകളുടെയെല്ലാം മുകളിൽ സംസ്ഥാന സഹകരണ ബാങ്കുകളുമായിരുന്നു ഉണ്ടായിരുന്നത്.
ഇപ്പോൾ ജില്ലാ ബാങ്കുകളെല്ലാം സംസ്ഥാന സഹകരണ ബാങ്കിന്റെ ഭാഗമായി മാറി. പ്രാഥമിക ബാങ്കുകളെല്ലാം കേരളാ ബാങ്കിൽ അഫിലിയേറ്റ് ചെയ്യപ്പെടും. അതേസമയത്ത് കേരള ബാങ്കിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടുപോകുമ്പോൾ എൻആർഐ അടക്കമുള്ള നിക്ഷേപങ്ങൾ സ്വീകരിക്കാനുള്ള സൗകര്യങ്ങൾ ലഭ്യമാകും. മുമ്പ് അതുണ്ടായിരുന്നില്ല. അങ്ങനെ നോക്കുമ്പോൾ വലിയ രൂപത്തിലുള്ള നിക്ഷേപം ഈ രംഗത്തേക്ക് വരുന്നു.
ഇപ്പോൾ സംസ്ഥാന സഹകരണ ബാങ്കിന്റെ ക്രെഡിറ്റ് അനുപാതം പരിശോധിച്ച് നോക്കിയാൽ എസ്ബിഐ അടക്കമുള്ള ബാങ്കുകളേക്കാൾ ബഹുദൂരം മുന്നിലാണ്. നിക്ഷേപം കേരളത്തിൽ തന്നെ വിനിയോഗിക്കുന്നതിൽ കേരള ബാങ്കാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ ഉത്തരേന്ത്യയിലെ വലിയ കോർപ്പറേറ്റുകൾക്കാണ് മറ്റ് വാണിജ്യബാങ്കുകൾ കൂടുതലും വായ്പകൾ നൽകുന്നത്. ഒരു ഘട്ടം കഴിഞ്ഞാൽ അത് കിട്ടാക്കടമാകും. അത് പരിഹരിക്കാൻ കേന്ദ്രം ബജറ്റിൽ വിഹിതം നീക്കി വെക്കും.
എസ്ബിഐ ആണ് സംസ്ഥാനത്തെ ഒന്നാമത്തെ ബാങ്ക്. ഒരുപക്ഷെ ആ സ്ഥാനത്തേക്ക് കേരള ബാങ്കിന് എത്താൻ സാധിക്കും. ഇതിനായി പ്രൊഫഷണൽ സമീപനങ്ങൾ സ്വീകരിക്കും
ഷെഡ്യൂൾഡ് ബാങ്കുകളേക്കാൾ സഹകരണ മേഖലയ്ക്ക് സ്വാധീനം ഗ്രാമീണ മേഖലകളിൽ ലഭിക്കുന്നുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാനാകില്ലെന്നാണ് ആർബിഐ പറയുന്നത്. ഇതിനെ എങ്ങനെ നേരിടും?
സഹകരണ മേഖല കടന്നുചെല്ലാത്ത ഒരു ഗ്രാമവും നമ്മുടെ കേരളത്തിൽ ഇല്ല. എല്ലാ ഗ്രാമങ്ങളിലും ക്രെഡിറ്റ്- നോൺ ക്രെഡിറ്റ് വിഭാഗങ്ങളിലായി ഏതെങ്കിലും ഒരു സഹകരണ മേഖലയുണ്ടാകും. ചില സ്ഥലത്ത് കൺസ്യൂമർ ഫെഡ് ഉണ്ട്. മറ്റ് ചിലയിടങ്ങളിൽ ഹൗസിങ് സൊസൈറ്റികൾ, എഡ്യൂക്കേഷൻ സൊസൈറ്റികൾ, ഇൻഡ്സ്ട്രിയൽ കോ ഓപ്പറേറ്റ് സൊസൈറ്റികൾ എന്നിങ്ങനെ നാനാതരത്തിൽ സഹകരണ മേഖല കടന്നുചെല്ലാത്ത ഒരു ഗ്രാമവും കേരളത്തിൽ ഇന്നില്ല.
പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന് ഉപയോഗിക്കാനാകില്ലെന്ന ആർബിഐയുടെ തീരുമാനത്തിനെതിരെ താത്കാലികമായി സ്റ്റേ വാങ്ങിയിരിക്കുകയാണ്. അതാണ് മുമ്പ് പറഞ്ഞതുപോലെ നിയമ യുദ്ധങ്ങൾ ഒരുവശത്തുകൂടി നടക്കുമെന്നത്.
ഓൺലൈൻ ബാങ്കിങ് എന്നത് ആധുനിക ബാങ്കിങ്ങിൽ അത്യന്താപേക്ഷിതമാണ്. സഹകരണ ബാങ്കിങ് മേഖലയിൽ ഇത് കാര്യക്ഷമമായിട്ടില്ല. ഇക്കാര്യത്തിൽ എന്ത് മാറ്റമാണ് വരിക?
അത് യാഥാർഥ്യമാണ്. കേരളബാങ്ക് തന്നെ മുൻകൈയെടുത്ത് ഇതിന് സൗകര്യമുണ്ടാക്കും. അതിന് ശേഷം പ്രാഥമിക സംഘങ്ങൾക്ക് ഇതിനുള്ള സംവിധാനമൊരുക്കും. നിലവിൽ അവർക്കായി പ്രത്യേക സോഫ്റ്റ്വേർ തയ്യാറാക്കുന്നുണ്ട്. അതനുസരിച്ച് അവയും മുന്നോട്ടുപോകും. കേരള ബാങ്കിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനായി നടപ്പിലാകുന്ന സാഹചര്യമുണ്ടാകും. അതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
സഹകരണ മേഖലയിൽ ഭാവിയിലേക്ക് എന്തൊക്കെ പരിപാടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം?
സഹകരണ മേഖല സംസ്ഥാനത്തെ സമാന്തര സാമ്പത്തിക സങ്കേതം കൂടിയാണ്. സർക്കാരിന് പ്രതിസന്ധിയുണ്ടാകുമ്പോൾ സഹകരണ മേഖല ഇടപെടാറുമുണ്ട് സഹായിക്കാറുമുണ്ട്. കാർഷിക മേഖലയ്ക്ക് മുൻതൂക്കം കൊടുത്താണ് സഹകരണ മേഖല മുന്നോട്ടുപോകുന്നത്. കാർഷിക വായ്പാ നയങ്ങളിൽ ചില വ്യതിയാനങ്ങൾ വരുത്തി സമ്മിശ്ര കാർഷിക വായ്പാ പദ്ധതികൾ നടപ്പാക്കിയും അതോടൊപ്പം പുതിയ പദ്ധതികൾ നടപ്പാക്കിയും മുന്നോട്ടുപോകും. അക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യാൻ വെച്ചിരിക്കുകയാണ്.
ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് സഹകരണ മേഖല വ്യാപിക്കാനും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാനും സാധിക്കുന്ന തരത്തിലേക്ക് ഉയർത്താനുള്ള നടപടികളുണ്ടാകും. സഹകരണ ബാങ്കുകൾ മാത്രമാണ് നിക്ഷേപം പൂർണമായും കേരളത്തിന്റെ വികസനത്തിന് വേണ്ടി വിനിയോഗിക്കുന്നത്. അതിനാൽ അത് കൂടുതൽ മേഖലയിൽ ഉപയോഗപ്പെടുത്താനുള്ള കാഴ്ചപ്പാടാണ് ഭാവിയെ സംബന്ധിച്ചുള്ളത്. ചർച്ചകൾക്ക് ശേഷം സഭയിലൂടെ ജനങ്ങളെ അറിയിക്കും.
രജിസ്ട്രേഷൻ വകുപ്പുകൂടി താങ്കളുടെ കീഴിലാണ് വരുന്നത്. രജിസ്ട്രേഷൻ വകുപ്പിൽ എന്ത് മാറ്റങ്ങൾ പ്രതീക്ഷിക്കാം?
ഓൺലൈൻ ഗഹാൻ സമ്പ്രദായം നടപ്പിലാക്കിയതോട് കൂടി രജിസ്ട്രേഷനും ബാങ്കും തമ്മിലുള്ള മറ്റ് നടപടികൾ അവസാനിച്ച് ഗഹാൻ സംവിധാനം മാത്രമൊരുക്കി കൊടുക്കുന്നതിലേക്ക് എത്തും. ഓൺലൈൻ സംവിധാനം ഇതിൽ കൂടുതൽ ബാധകമാകുന്നതോടെ അഴിമതി ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർണമായും ഇല്ലാതാകും.
ആധാരം എഴുത്തുകാർ സംസ്ഥാനത്ത് പതിനായിരത്തോളം വരും. ഡിജിറ്റലൈസേഷൻ വരുമ്പോൾ അവരുടെ ജോലി സംരക്ഷിച്ചുകൊണ്ടുമാത്രമേ മുന്നോട്ട് പോകാൻ സാധിക്കു. അതുകൊണ്ട് അക്കാര്യം ചർച്ച ചെയ്യാൻ വെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.