കൊച്ചി > ലക്ഷദ്വീപിൽ വർഗീയ അജൻഡ നടപ്പാക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ ദാദ്രനഗർ ഹവേലിയിൽ മുട്ടുകുത്തിച്ച ഔദ്യോഗിക അനുഭവം പങ്കിട്ട് മുൻ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദാദ്രനഗർ ഹവേലിയിൽ തെരഞ്ഞെടുപ്പുചുമതലയുണ്ടായിരുന്ന കലക്ടർ കണ്ണൻ ഗോപിനാഥനെതിരായ പട്ടേലിന്റെ യുദ്ധം നാണംകെട്ട തോൽവിയിലാണ് അവസാനിച്ചത്.
തെരഞ്ഞെടുപ്പുകാലത്ത് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാനുള്ള തീരുമാനമാണ് പട്ടേലിനെ പ്രകോപിപ്പിച്ചത്. ഗുജറാത്തിലെ മുൻനിര ബിജെപി നേതാവായിരുന്ന പട്ടേൽ, ദാദ്രനഗർ ഹവേലിയിൽ ബിജെപി നേതൃത്വത്തിനും മുകളിലാണ് പ്രവർത്തിച്ചിരുന്നത്. അഡ്മിനിസ്ട്രേറ്റർ പദവിയുടെ അധികാരത്തിൽ കണ്ണൻ ഗോപിനാഥനെതിരെ പട്ടേൽ ഭീഷണി മുഴക്കി. പെരുമാറ്റച്ചട്ടം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസും നൽകി. ഭീഷണിക്ക് വഴങ്ങാതെ കണ്ണൻ ഗോപിനാഥൻ തെരഞ്ഞെടുപ്പ് കമീഷനും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്കും പരാതി നൽകി. എത്രയംവേഗം നോട്ടീസ് പിൻവലിക്കാൻ പട്ടേലിനോട് തെരഞ്ഞെടുപ്പ് കമീഷൻ ആവശ്യപ്പെട്ടു. അഡ്മിനിസ്ട്രേറ്ററുടെ ഇടപെടൽ അനധികൃതമാണെന്നും പെരുമാറ്റച്ചട്ടലംഘനമാണെന്നും ആവർത്തിക്കരുതെന്നും താക്കീതും നൽകി.
പ്രളയകാലത്ത് കേരളത്തിൽ സന്നദ്ധപ്രവർത്തനം നടത്തിയതിനും പട്ടേൽ കണ്ണൻ ഗോപിനാഥനോട് വിശദീകരണം ആവശ്യപ്പെട്ടു. പിന്നീട് അനുരഞ്ജനത്തിന്റെ വഴിയിലായി. പട്ടേലുമായുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് താൻ സിവിൽ സർവീസ് ഉപേക്ഷിച്ചതെന്ന പ്രചാരണങ്ങളുണ്ടായെന്നും അത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ സിവിൽ സർവീസ് ഉപേക്ഷിച്ചത്.














