കോഴിക്കോട്: ലക്ഷദ്വീപ് ജനതയ്ക്ക് അനുകൂലമായി പ്രതികരണം നടത്തിയ നടൻ പൃഥ്വിരാജിനെതിരെ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ. സൗമ്യയെ കുറിച്ച്, ബംഗാളിലെ ഹിന്ദു വംശഹത്യയെ കുറിച്ച്, ഒരക്ഷരം പ്രതികരിക്കാത്ത പൃഥ്വിരാജിന് ലക്ഷദ്വീപിന്റെ കാര്യത്തിൽ ഇത്രയും വ്യഗ്രതയെന്താണെന്ന് അദ്ദേഹം പ്രസ്താവനയിൽ ചോദിച്ചു. ലക്ഷദ്വീപിന് അനുകൂലമായ പോസ്റ്റ് പിൻവലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
താങ്കളുടെ തന്നെ ഒരു പഴയ അഭിമുഖത്തിൽ താങ്കൾ പറയുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ അവിടെ പരിഹരിക്കുന്നതെന്ന് ഗോപാലകൃഷ്ണൻ പറയുന്നു. അന്നത്തെ സാമൂഹിക രാഷ്ട്രീയ പ്രതിബന്ധങ്ങൾ തന്നെയാണ് ഇന്നും ലക്ഷദ്വീപിലെ പ്രതിബന്ധങ്ങൾ. ആ പ്രതിബന്ധങ്ങൾ നില നിൽക്കേണ്ടത് ശ്രീലങ്കയിൽ നിന്നും ഐഎസ് ഉൾപ്പെടെ അവിടെ കുടിയേറിയിരിക്കുന്ന തീവ്രവാദികളുടെ ആവശ്യമാണെന്നും ഗോപാലകൃഷ്ണൻ ആരോപിക്കുന്നു.
കശ്മീരിന് സമാനമായ സ്ഥിതിയാണ് ലക്ഷദ്വീപിലേതെന്നും ഗോപാലകൃഷ്ണൻ പറയുന്നു. കാശ്മീരിൽ പാകിസ്താനി തീവ്രവാദികൾ ആണെങ്കിൽ ലക്ഷദ്വീപിൽ ഐഎസ് തിവ്രവാദികളുടെ സാന്നിധ്യം കണ്ടുതുടങ്ങി. കേന്ദ്ര സർക്കാർ നടപടികൾ എടുത്തതോടെ ഇപ്പോൾ കശ്മീർ സമാധാനപരമായി. അതുപോലെ ഇന്ത്യയുടെ നമ്പർ വൺ ടൂറിസ്റ്റ് കേന്ദ്രമാക്കി ലക്ഷദ്വീപിനെയും മാറ്റുന്നതിനാണ് ഇപ്പോഴത്തെ നടപടികളെന്നും ബിജെപി പറയുന്നു.
Content Highlights:BJP against prithviraj on Lakshadweep issue