കോഴിക്കോട് > ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്, കേന്ദ്രസഹമന്ത്രി വി മുരളീധരന് എന്നിവരുടെ സ്വത്തും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യം. ഇവരുടെ സാമ്പത്തിക വളര്ച്ച ചൂണ്ടിക്കാട്ടി ബിജെപിക്കകത്താണ് ചര്ച്ച.
കൊടകര കുഴല്പ്പണക്കേസിന്റെ പശ്ചാത്തലത്തിലാണ് ഉന്നതനേതാക്കളുടെ സ്വത്തും ഇടപാടുകളും പരിശോധിക്കണമെന്ന ആവശ്യം. ഇരുവരുടെയും ഫോണ് വിശദാംശം പുറത്തുവിടണമെന്ന ആവശ്യവും ഉയര്ന്നിട്ടുണ്ട്. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിനെപ്പറ്റി ഇത്തവണ സംസ്ഥാന വ്യാപകമായി പരാതിയാണ്. ചില നേതാക്കള് പ്രശ്നം ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലെത്തിച്ചിട്ടുണ്ട്.
കൊടകര സംഭവത്തില് പൊലീസില് പരാതി നല്കിയ ധര്മ്മരാജന്, ചോദ്യം ചെയ്ത സുനില് നായക് എന്നിവരുമായി മുരളിക്കും സുരേന്ദ്രനും ഉറ്റബന്ധമാണ്. അതിനാല് നേതാക്കളെ സംശയ ദൃഷ്ടിയിലാണ് ബിജെപിയിലും ആര്എസ്എസിലും നല്ലൊരു വിഭാഗം കാണുന്നത്.
തെരഞ്ഞെടുപ്പില് സമ്പൂര്ണ പരാജയമേറ്റുവാങ്ങിയ ബിജെപിക്ക് വലിയ ക്ഷീണമാണ് ഫണ്ട് കവര്ച്ചാ നാടകമുണ്ടാക്കിയത്. ഇരുവരുടെയും ഫോണ് വിശദാംശവും സാമ്പത്തിക ബന്ധവും പരിശോധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് പാര്ടിക്കകത്തെ ചര്ച്ച.
അതേസമയം കൊടകര സംഭവത്തില് പങ്കില്ലെന്ന് ആവര്ത്തിച്ച കെ സുരേന്ദ്രന് കൂടുതല് ബിജെപി നേതാക്കളെ അന്വേഷകസംഘം വിളിച്ചുവരുത്തുന്നതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.