കോട്ടയം > തെരഞ്ഞെടുപ്പിന് മുന്പ് എന്സ്എസ് ആസ്ഥാനത്തെത്തി സഹായം അഭ്യര്ത്ഥിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്, പുതിയ സ്ഥാനമേറ്റശേഷം തള്ളിപ്പറയുന്നത് ശരിയല്ലെന്ന് ജനറല് സെക്രട്ടറി ജി സുകുമാരന് നായര്. ആവശ്യം വരുമ്പോള് മത-സാമുദായികസംഘടനകളെ സമീപിക്കുകയും സഹായം അഭ്യര്ത്ഥിക്കുകയും ചെയ്യുകയും, അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം യോജിച്ചതല്ല. പുതിയ സ്ഥാനലബ്ധിയില് മതിമറന്നാണ് സതീശന് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള് നടത്തിക്കൊണ്ടിരിക്കുന്നതെന്നും സുകുമാരന് നായര് പ്രസ്താവനയില് പറഞ്ഞു.
ഇത്തവണത്തെ തെരഞ്ഞെടുപ്പില് സഹായം അഭ്യര്ത്ഥിച്ച് എന്എസ്എസ് ആസ്ഥാനത്തെത്തി ഒരുമണിക്കൂറോളം സമയം ചെലവഴിച്ചയാളാണ് സതീശന്. അതിനുശേഷം താലൂക്ക് യൂണിയന് നേതൃത്വത്തെയും കരയോഗനേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യര്ത്ഥിച്ചു. പാര്ട്ടിയുടെ നയപരമായ നിലപാടുകള് വ്യക്തമാക്കേണ്ടത് കെപിസിസിയാണ്, പ്രതിപക്ഷനേതാവല്ല. മത-സാമുദായിക സംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെപിസിസിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും സുകുമാരന് നായര് പറഞ്ഞു.