തിരുവനന്തപുരം: ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
കഴിഞ്ഞ ഡിസംബറിൽ എല്ലാ കീഴ്വഴക്കങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഗുജറാത്തിലെ ബി ജെ പി നേതാവിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാനാണ്. പതിയ പരിഷ്കാരങ്ങളെല്ലാം ദ്വീപിലെ ജനങ്ങളുടെ സമാധാന ജീവിതത്തെ ഇല്ലാതാക്കുന്നതാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ദ്വീപിൽ അഡ്മിനിസ്ട്രേറ്റർ സ്വീകരിച്ച നടപടികളെല്ലാം സമാധാന ജീവിതത്തെ തകർത്തു. കോവിഡ് സാഹചര്യം കൈകാര്യം ചെയ്തതിലെ പിഴവ് ദ്വീപിലെ ആരോഗ്യമേഖലയെ തകർത്തു.
ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ചതുൾപ്പടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ അവരുടെ പ്രതിഷേധത്തെ പോലും ഇല്ലാതെയാക്കുവാനുള്ള നടപടിയാണ് അവിടെ നടക്കുന്നത്. കളവോ കൊലയോ ഇല്ലാതെ ഏറ്റവും സമാധാനത്തോടെ ജീവിക്കുന്ന ആ ദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കുന്നത് പ്രതിഷേധ സ്വരങ്ങളെ ഇല്ലാതെയാക്കുവാനാണ് തുടങ്ങിയ കാര്യങ്ങൾ പ്രതിപക്ഷ നേതാവ് കത്തിൽ ചൂണ്ടിക്കാട്ടുന്നു.