പെരുന്ന: പുതിയ പ്രതിപക്ഷ നേതാവിന്റേത് വിലകുറഞ്ഞ പ്രസ്താവനകളാണെന്നും പ്രതിപക്ഷ നേതാവായത് മുതൽ അദ്ദേഹം മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയിൽ വിമർശിക്കുകയാണെന്നും സുകുമാരൻ നായർ. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പ്രതിപക്ഷ നേതാവ് എൻ.എസ്.എസ് ആസ്ഥാനത്തെത്തി സഹായം അഭ്യർത്ഥിച്ചിരുന്നു. അതിന് ശേഷം തള്ളിപ്പറയുന്നത് ശരിയല്ലെന്നും സുകുമാരൻ നായർ. പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സുകുമാരൻ നായർ വി.ഡി സതീശനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് രംഗത്തെത്തിയത്
പ്രസ്താവനയുടെ പൂർണരൂപം
ഇപ്പോഴത്തെ പ്രതിപക്ഷനേതാവ്, തൽസ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോൾ മുതൽ മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയിൽ വിമർശിച്ചുകൊണ്ടുള്ള പ്രസ്താവനകൾ കാണാനിടയായി. ഈ രാജ്യത്തെ ഒരു ദേശീയപ്പാർട്ടി എന്ന നിലയിൽ കോൺഗ്രസിന്റെ പാരമ്പര്യം അതാണോ എന്ന് അതിന്റെ നേതൃത്വം വിലയിരുത്തേണ്ടിയിരിക്കുന്നു. രാജ്യത്തെ എല്ലാ മത-സാമുദായികവിഭാഗങ്ങളെയും സംഘടനകളെയും തങ്ങളോടു ചേർത്തുനിർത്തിയ അനുഭവമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഇന്നോളം ഉണ്ടായിട്ടുള്ളത്.
രാഷ്ട്രീയപ്പാർട്ടികളുടെ ആഭ്യന്തരപ്രശ്നങ്ങളിൽ മത-സാമുദായികസംഘടനകൾ ഇടപെടാൻ പാടില്ല. എന്നാൽ അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികൾക്കുള്ളതുപോലെ മത-സാമുദായികസംഘടനകൾക്കും ഉണ്ടെന്ന് രാഷ്ട്രീയനേതൃത്വങ്ങൾ മനസ്സിലാക്കണം.
പാർട്ടിയുടെ നയപരമായ നിലപാടുകൾ വ്യക്തമാക്കേണ്ടത് കെ.പി.സി.സി.യാണ്, പ്രതിപക്ഷനേതാവല്ല. മത-സാമുദായികസംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെ.പി.സി.സി.യുടെ നിലപാട് എന്താണെന്ന്അറിയേണ്ടതുണ്ട്.
ആവശ്യം വരുമ്പോൾ മത-സാമുദായികസംഘടനകളെ സമീപിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുകയും, അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആർക്കും യോജിച്ചതല്ല.
ഈ തിരഞ്ഞെടുപ്പിൽ മുന്നണിവ്യത്യാസമില്ലാതെതന്നെ, എല്ലാ രാഷ്ട്രീയപ്പാർട്ടികളിൽപ്പെട്ട ബഹുഭൂരിപക്ഷം സ്ഥാനാർത്ഥികളും എൻ.എസ്.എസ്സിൽ വന്ന് സഹായം അഭ്യർത്ഥിക്കുകയുണ്ടായി. തിരഞ്ഞെടുപ്പിൽ ആർക്കും എതിരായ ഒരു നിലപാട്എൻ.എസ്.എസ്. സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പുദിവസത്തിൽ ഉണ്ടായ എൻ.എസ്.എസ്സിന്റെ അഭിപ്രായപ്രകടനം വിവാദമാക്കിയെങ്കിലും യഥാർത്ഥത്തിൽ അത് ഏതെങ്കിലും ഒരു പാർട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ല.
പ്രതിപക്ഷനേതാവും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സഹായം അഭ്യർത്ഥിച്ച് എൻ.എസ്.എസ്. ആസ്ഥാനത്ത് എത്തി, ഒരു മണിക്കൂറോളം ചെലവഴിച്ചതാണ്. അതിനുശേഷം താലൂക്ക് യൂണിയൻ നേതൃത്വത്തെയും കരയോഗനേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യർത്ഥിച്ചു. എന്നിട്ടാണ് പുതിയ സ്ഥാനലബ്ധിയിൽ മതിമറന്ന് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത്.
എൻ.എസ്.എസ്സിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ഒരേ നിലപാടാണ് മുന്നണികളോടും പാർട്ടികളോടും മേലിലും ഉണ്ടാവൂ. ഗവണ്മെന്റ് ചെയ്യുന്ന നല്ലകാര്യങ്ങളെ അംഗീകരിക്കുകതന്നെ ചെയ്യും, തെറ്റായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ യഥാവിധി അവരെ അറിയിക്കുകയും ചെയ്യും.
Content highlight: NSS Secretary Sukumaran Nair statement against V. D. Satheesan