കോഴിക്കോട്> ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ഐ എൻ എൽ പ്രതിഷേധ കാമ്പയിൻ ആരംഭിച്ചു.
പ്രധാനമന്ത്രി മോഡിയുടെ ആശ്രിതനും മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ പട്ടേൽ ഹിന്ദുത്വ വർഗീയ അജണ്ട നടപ്പാക്കാനുള്ള ഗൂഢനീക്കങ്ങളാണ് തുടരുന്നത്. ഗോ മാംസ നിരോധവും വ്യാപക അറസ്റ്റും കുടിയിറക്കലും കടുത്ത നിയന്ത്രണങ്ങളും ദ്വീപിനെ നശിപ്പിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ്.
അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കും. സംസ്ഥാനത്തെ എം പിമാർ ഈ വിഷയത്തിൽ ഒറ്റക്കെട്ടായി നീങ്ങണമെന്നും സംസ്ഥാന സർക്കാർ ഇടപെടണമെന്നും ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു.
ലക്ഷദ്വീപ്: വിശ്വാസവും സംസ്കാരവും തകര്ക്കരുത്– സമസ്ത
കോഴിക്കോട്> ലക്ഷദ്വീപിന്റെ ജനജീവിതവും ഉപജീവന മാർഗവും തടയുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽസെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാരും പറഞ്ഞു. തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങൾ അട്ടിമറിക്കുന്നതാണ് പല നടപടികളും. ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടിയിൽ നിന്ന് കേന്ദ്രസർക്കാരും അഡ്മിനിസ്ട്രേറ്ററും പിന്മാറണം.
ടൂറിസത്തിന്റെ പേരുപറഞ്ഞ് ദ്വീപിൽ മദ്യശാലകൾക്ക് അനുമതികൊടുത്തു. സ്കൂൾ വിദ്യാർത്ഥികളുടെ മെനുവിൽ നിന്ന് മാംസാഹാരം ഒഴിവാക്കി. രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കേർപ്പെടുത്താനും നീക്കമുണ്ട്. ദ്വീപ് നിവാസികളുടെ വിശ്വാസത്തെയും സംസ്കാരത്തെയും തകർക്കാനുള്ള നീക്കത്തിൽ നിന്ന് ഭരണകേന്ദ്രം പിന്മാറണമെന്ന് സമസ്ത നേതാക്കൾ ആവശ്യപ്പെട്ടു.