കൊല്ലം: എം.ബി.ബി.എസ്. പരീക്ഷയിൽ ആൾമാറാട്ടം. കൊല്ലം അസീസിയ മെഡിക്കൽ കോളേജിൽ നടന്ന പരീക്ഷയിലാണ് മൂന്ന് വിദ്യാർഥികൾക്ക് വേണ്ടി മറ്റാരോ പരീക്ഷ എഴുതിയത്. ആൾമാറാട്ടം കണ്ടെത്തിയതോടെ മൂന്ന് വിദ്യാർഥികളെയും ആരോഗ്യസർവകലാശാല ഡീ ബാർ ചെയ്തു. കോളേജിൽ പരീക്ഷാഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരേയും നടപടി സ്വീകരിച്ചു. 2021 ജനുവരിയിൽ നടന്ന മൂന്നാംവർഷ എം.ബി.ബി.എസ്. പാർട്ട് ഒന്ന് പരീക്ഷയിലാണ് ആൾമാറാട്ടം നടന്നത്. 2012-ൽ എം.ബി.ബി.എസിന് പ്രവേശനം നേടിയ മൂന്ന് വിദ്യാർഥികൾക്ക് പകരം മറ്റാരോ പരീക്ഷ എഴുതുകയായിരുന്നു. 2012-ൽ എം.ബി.ബി.എസിന് പ്രവേശനം നേടിയ ഈ വിദ്യാർഥികൾ നേരത്തെ എഴുതിയ പല പരീക്ഷകളും പരാജയപ്പെട്ടിരുന്നു. ഒമ്പത് വർഷമായിട്ടും ഇവർക്ക് എം.ബി.ബി.എസ്. പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ആൾമാറാട്ടം നടത്തിയത്. പരീക്ഷാഡ്യൂട്ടിയിലുള്ളവരുടെ ഒത്താശയോടെയാണ് ഇത് നടന്നതെന്നാണ് സൂചന. ക്രമക്കേട് കണ്ടെത്തിയതോടെ ആരോഗ്യസർവകലാശാല വിശദമായ അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്. അതേസമയം, പരീക്ഷ എഴുതിയ വിദ്യാർഥികൾ തങ്ങളുടെ കോളേജിൽനിന്നുള്ളവരെല്ലെന്ന് അസീസിയ മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. പുറത്തുനിന്നുള്ള വിദ്യാർഥികളാണ് ഇവർ. പരീക്ഷാചുമതല വഹിച്ചിരുന്നവരും കോളേജിന് പുറത്തുനിന്നുള്ളവരാണെന്നും കോളേജ് അധികൃതർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് അധികൃതർ പോലീസിനും പരാതി നൽകി. പരീക്ഷയിൽ ആൾമാറാട്ടം കണ്ടെത്തിയതോടെ പരീക്ഷാചീഫ് സൂപ്രണ്ടിനെയും മൂന്ന് ഇൻവിജിലേറ്റർമാരെയും പരീക്ഷാഡ്യൂട്ടിയിൽനിന്ന് നീക്കിയിട്ടുണ്ട്. അസീസിയ മെഡിക്കൽ കോളേജിലെ പരീക്ഷാകേന്ദ്രം ആരോഗ്യസർവകലാശാല റദ്ദാക്കുകയും ചെയ്തു. അതേസമയം, പരീക്ഷാകേന്ദ്രം റദ്ദാക്കിയതോടെ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ ആശങ്കയിലാണ്. ഇവിടെയുള്ള വിദ്യാർഥികൾ ഇനി എവിടെ പരീക്ഷ എഴുതുമെന്ന് സംബന്ധിച്ചും വ്യക്തതയില്ല. Content Highlights:impersonation in mbbs exam which held in azeeziya mediacal college kollam