തിരുവനന്തപുരം: പാർലമെന്റിലെ ഇടതുശബ്ദമായിരുന്ന യുവനേതാവ്. മികച്ച പാർലമെന്റേറിയൻ. ചാനൽ ചർച്ചകളിൽ സിപിഎമ്മിന്റെ പ്രതിരോധമുഖം. എം.ബി രാജേഷ് ഇനി മുതൽ കേരളാ നിയമസഭയിലെ നിഷ്പക്ഷ മുഖമാകും. മികച്ച ഡിബേറ്ററായിരുന്ന രാജേഷ് ഇനി മുതൽ സഭയിലെ ചർച്ചകൾ നിയന്ത്രിക്കുന്ന ചുമതലക്കാരനാകുന്നു.. ഇടതുചേരിയിലെ ഏറ്റവും ശ്രദ്ധേയമായ യുവമുഖങ്ങളിലൊന്നാണ് നിയമസഭയിലെ ഏറ്റവും ആദരീണമായ പദവിയിലേക്കെത്തുന്നത്.
കേരള നിയമസഭയിലെ പുതുമുഖമാണ് എം.ബി രാജേഷ്. ആദ്യമായി സഭയിലെത്തുന്നയാൾക്ക് ആദ്യ പദവിയായി സ്പീക്കർ സ്ഥാനം ലഭിക്കുന്നതും അപൂർവ്വം. പാർലമെന്റേറിയൻ എന്ന നിലയിലെ പ്രവർത്തന പരിചയവുമാണ് രാജേഷ് സഭയെ നിയന്ത്രിക്കാനെത്തുന്നത്.
കേരളം ഏറ്റവും ശ്രദ്ധിച്ച മത്സരം നടന്ന തൃത്താലയിൽ വി.ടി ബൽറാമിനെ പരാജയപ്പെടുത്തിയാണ് രാജേഷ് എംഎൽഎയായി ഇപ്പോൾ സ്പീക്കറാകുന്നതും.
ഷൊർണൂർ കയിലിയാട് റിട്ട. ഹവീൽദാർ ബാലകൃഷ്ണൻ നായരുടെയും കാറൽമണ്ണ മംഗലശ്ശേരി രമണിയുടെയും മകനായി 1971 മാർച്ച് 12ന് പഞ്ചാബിലെ ജലന്ധറിൽ ജനനം. ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും നേടി.
എസ്.എഫ്.ഐ. പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ്, സയൻസ് ആൻഡ് ടെക്നോളജി, നാഷണൽ ഷിപ്പിങ് ബോർഡ് കമ്മിറ്റി ഓഫ് പെറ്റീഷനിങ് എന്നീ സമിതികളിൽ പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്നു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗമാണ്.
ഭാര്യ: ആർ. നിനിത (കാലടി സംസ്കൃത സർവകലാശാല അധ്യാപിക). മക്കൾ: നിരഞ്ജന, പ്രിയദത്ത. കരിങ്കരപ്പുള്ളി എ.കെ.ജി. നഗർ കോളനിയിൽ നളിനകാന്തിയിലാണ് ഇപ്പോൾ താമസം.
Content Highlight:MB Rajesh new speaker of Kerala Assembly