തൃശൂർ
തെരഞ്ഞെടുപ്പിനൊഴുക്കാൻ കടത്തിയ കുഴൽപ്പണം തട്ടിയകേസിൽ ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് അന്വേഷകസംഘം നോട്ടീസയച്ചു. നേരത്തേ വിളിപ്പിച്ച ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവർക്കും വീണ്ടും നോട്ടീസ് നൽകി. രണ്ട് ദിവസത്തിനുള്ളിൽ ഹാജരാകണം. ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് നോട്ടീസിൽ പറയുന്നു.
ബിജെപി നേതാക്കൾ കെ ജി കർത്തയുടെ (കെ ഗോപാലകൃഷ്ണ കർത്ത) ആലപ്പുഴ ചെങ്ങന്നൂരിലെ വീട്ടിൽ സ്ഥിരം സന്ദർശകരാണ്. പണം കർത്തയ്ക്ക് കൈമാറാൻ നിർദേശിച്ചിരുന്നതായി ധർമരാജന്റെ മൊഴിയെത്തുടർന്നാണ് അന്വേഷകസംഘത്തിന്റെ നോട്ടീസ്. അന്വേഷണ സംഘം ആലപ്പുഴയിലെത്തി കർത്തയുടെ നീക്കം നിരീക്ഷിച്ചിരുന്നു. ധർമരാജിന് കർണാടക കേന്ദ്രീകരിച്ച് വൻ ഹവാല ഇടപാടുള്ളതായും സൂചന ലഭിച്ചു. ബിജെപി ഉന്നത നേതാക്കളുടെ കള്ളപ്പണമാണ് ധർമരാജ് ഇടപാടിനായി ഉപയോഗിക്കുന്നതെന്നാണ് സൂചന.
ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി, ട്രഷറർ സുജയ് സേനൻ, ബിജെപി മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ എന്നിവരെ ശനിയാഴ്ച ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പരാതി നൽകിയ ആർഎസ്എസ് പ്രവർത്തകൻ ധർമരാജൻ, ധർമരാജിന് പണം കൈമാറിയ യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക് എന്നിവരെയും ചോദ്യം ചെയ്തിരുന്നു. 19 പ്രതികളിൽ പ്രധാനികളേയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. ഇതിൽ നിന്നെല്ലാം നിർണായക വിവരം ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുഫണ്ട് കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ ഉന്നത ബിജെപി നേതാക്കളിലേക്കാണ് അന്വേഷണം നീങ്ങുന്നത്. തെരഞ്ഞെടുപ്പുലക്ഷ്യംവച്ചിറക്കിയ മൂന്നരക്കോടിയാണ് എപ്രിൽ മൂന്നിന് പുലർച്ചെ 4.30ന് കൊടകരയിൽവച്ച് കാറപകടം സൃഷ്ടിച്ച് കവർന്നത്.















