തിരുവനന്തപുരം
രമേശ് ചെന്നിത്തലയുടെ കടുത്ത അമർഷത്തെ വകവയ്ക്കാതെ പുതിയ കരുനീക്കങ്ങളുമായി വി ഡി സതീശൻ. സംഘടനാച്ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പിന്തുണയോടെ സംസ്ഥാന കോൺഗ്രസിൽ തന്റെ ആധിപത്യമുറപ്പിക്കുകയാണ് സതീശൻ.
രമേശ് ചെന്നിത്തലയെ ഒഴിവാക്കിയതിനെതിരായ പ്രതിഷേധത്തെ രണ്ടുംകൽപ്പിച്ച് നേരിടാനാണ് പുതിയ ചേരിയിൽ ധാരണ. ചെന്നിത്തലയുടെ പരാതിയിൽ കഴമ്പില്ലെന്നും അർഹതപ്പെട്ട പല സ്ഥാനങ്ങളും നഷ്ടപ്പെട്ടയാളാണ് താനെന്നും സ്ഥാപിക്കാനാണ് സതീശന്റെ ശ്രമം.
തന്നെ ഇപ്പോൾ തെരഞ്ഞെടുത്തതുപോലെ തന്നെയാണ് 2016ൽ ചെന്നിത്തലയെയും തെരഞ്ഞെടുത്തതെന്നും അന്ന് രാഷ്ട്രീയകാര്യസമിതിയോടുപോലും ആലോചിച്ചിരുന്നില്ലെന്നും സ്വകാര്യ ചാനൽ അഭിമുഖത്തിൽ സതീശൻ ചൂണ്ടിക്കാട്ടി. നിയമസഭ പിരിച്ചുവിട്ടപ്പോൾതന്നെ പ്രതിപക്ഷനേതൃസ്ഥാനം നഷ്ടമായ ചെന്നിത്തല രാജിവയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഫയർബ്രാൻഡാണ് താനെന്ന് കോൺഗ്രസ് നേതാക്കളെല്ലാം അഭിനന്ദിച്ചിരുന്നു. എന്നാൽ, 2011ൽ മന്ത്രിസഭ രൂപീകരിക്കുമ്പോൾ തനിക്കുവേണ്ടി പറയാൻ അവരെ ആരെയും കണ്ടില്ല. എംഎൽഎയെങ്കിലുമായി സഭയിൽ ഉണ്ടായിരുന്നതുകൊണ്ട് തന്റെ ചുട്ടുപൊള്ളുന്ന കണ്ണീർ വീണില്ലെന്നും സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരും മുമ്പുതന്നെ നേതൃമാറ്റത്തിനായി കോൺഗ്രസിലെ രണ്ടാംനിര കൂടിയാലോചിച്ചിരുന്നുവെന്നാണ് സതീശന്റെ വെളിപ്പെടുത്തൽ. തോൽവി ഉറപ്പാണെന്ന് കോൺഗ്രസിന് ബോധ്യമുണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. തോൽവിയുടെ കാരണങ്ങളെന്താണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും അത് പരിഹരിക്കുമെന്നും അദ്ദേഹം തുറന്നടിച്ചത് ഉമ്മൻചാണ്ടി–-ചെന്നിത്തല–-മുല്ലപ്പള്ളി ത്രയത്തിന്റെ നേതൃത്വം അമ്പേ പരാജയമാണെന്ന പ്രഖ്യാപനമാണ്.
തന്റെ പേരിൽ ഗ്രൂപ്പുണ്ടാകില്ലെന്ന് സതീശൻ പരസ്യമായി പറയുമ്പോഴും നിലവിലെ അസംതൃപ്തരുടെ ഗ്രൂപ്പുണ്ടാക്കി അതിന്റെ നേതാവാകാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
ഐ ഗ്രൂപ്പ് പാരമ്പര്യമുള്ള സതീശന്റെ പുതിയ നീക്കത്തെ കരുതലോടെ നേരിടാനാണ് എ ഗ്രൂപ്പിലെ മുതിർന്ന നേതാക്കളുടെ ധാരണ. ഗ്രൂപ്പുകളെ ഫിനിഷ് ചെയ്യുക ലക്ഷ്യമല്ലെന്ന് കെ സി വേണുഗോപാൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് പുതിയ ചേരി രൂപപ്പെടുത്താനുള്ള സതീശന്റെ നീക്കം.
രണ്ടാംനിരക്കാരനായി
ചെന്നിത്തല
നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇരിപ്പിടം രണ്ടാംനിരയിലായി. പ്രതിപക്ഷ നേതാവിന്റെ ഇരിപ്പിടം വി ഡി സതീശന് ലഭിച്ചു. പ്രതിപക്ഷ നിരയിലെ ആദ്യ സീറ്റ് ഡെപ്യൂട്ടി സ്പീക്കറിനാണ്. രണ്ടാംസീറ്റ് പ്രതിപക്ഷനേതാവിനും.
രണ്ടാം നിരയിൽ ആദ്യ സീറ്റാണ് ചെന്നിത്തലയ്ക്ക് നൽകിയത്. മുൻനിരക്കാരിൽ ആരെങ്കിലും ഒഴിഞ്ഞാലേ അദ്ദേഹത്തിന് മുൻനിരയിലേക്ക് വരാനാകൂ. വി ഡി സതീശനെ തുടർന്ന്, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, അനൂപ് ജേക്കബ്, ഉമ്മൻചാണ്ടി എന്നിവരാണ് മുൻനിരയിലുള്ളത്. പി കെ കുഞ്ഞാലിക്കുട്ടി കക്ഷി നേതാവായതോടെ എം കെ മുനീറും രണ്ടാംനിരയിലേക്ക് തള്ളപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുപുറമെ, മന്ത്രിമാരായ എം വി ഗോവിന്ദൻ. കെ രാജൻ, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, കെ രാധാകൃഷ്ണൻ, കെ എൻ ബാലഗോപാൽ എന്നിവർക്കും ഇരിപ്പിടം മുൻനിരയിലാണ്.















