പാരിസ്
ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ ഇനി ലില്ലെ വസന്തം. താരപ്പകിട്ടിലും പണക്കൊഴുപ്പിലും കാതങ്ങൾ മുന്നിൽ നിൽക്കുന്ന പിഎസ്ജിയെ ഞെട്ടിച്ചാണ് ഫ്രഞ്ച് ലീഗിൽ ലില്ലെ കിരീടം ചൂടിയത്. അവസാന മത്സരത്തിൽ ഏഞ്ചേഴ്സിനെ 2‐1ന് തോൽപ്പിച്ച് ലില്ലെ കിരീടമുയർത്തിയപ്പോൾ ഫ്രാൻസിൽ അത് പുതു ചരിത്രമായി.
ഒരു പോയിന്റ് വ്യത്യാസത്തിലാണ് ലില്ലെയുടെ കിരീട നേട്ടം. ലില്ലെയ്ക്ക് 83, പിഎസ്ജിക്ക് 82 പോയിന്റ്. 78 പോയിന്റുള്ള മൊണാകോ മൂന്നാമതെത്തി. പിഎസ്ജി അവസാന കളിയിൽ ബ്രെസ്റ്റിനെ രണ്ട് ഗോളിന് തോൽപ്പിച്ചു. മത്സരത്തിൽ പിഎസ്ജി സൂപ്പർ താരം നെയ്മർ പെനൽറ്റി പാഴാക്കി.
വരുമാനത്തിൽ പിഎസ്ജിയുടെ കാൽഭാഗംപോലുമില്ല ലില്ലെയ്ക്ക്. മൂന്ന് വർഷം മുന്പ് തരംതാഴ്ത്തലിന്റെ വക്കിലായിരുന്നു അവർ. അവസാന നാല് കളിയിൽ മൂന്നും ജയിച്ചാണ് രക്ഷപ്പെട്ടത്. ഇപ്പോൾ മറികടന്നിരിക്കുന്നത് പിഎസ്ജിയെയും. ഈ സീസണിന്റെ മധ്യ ഘട്ടത്തിൽവരെ അവർ പ്രതിസന്ധിയിലായിരുന്നു. പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറിന്റെ മികവാണ് ലില്ലെ ഉയർത്തിയത്.
ഏഞ്ചേഴ്സിനെതിരെ ഇറങ്ങുമ്പോൾ ക്യാപ്റ്റൻ ഹോസെ ഫോണ്ടെ സസ്പെൻഷൻ കാരണം അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. പത്താം മിനിറ്റിൽ ജൊനാതൻ ഡേവിഡ് ലില്ലെയെ മുന്നിലെത്തിച്ചു. പിന്നാലെ ബുറാക് യിൽമസ് പെനൽറ്റിയിലൂടെ ലില്ലെയുടെ രണ്ടാം ഗോളും നേടി. അവസാന നിമിഷം ഒരു ഗോൾ വഴങ്ങിയെങ്കിലും ലില്ലെ ജയം വിട്ടുകൊടുത്തില്ല.
ബ്രെസ്റ്റിനെതിരെ പിഎസ്ജിക്കായി കിലിയൻ എംബാപ്പെ ഗോളടിച്ചു. ഒരെണ്ണം ബ്രെസ്റ്റിന്റെ പിഴവു ഗോളായിരുന്നു.
കഴിഞ്ഞ ഏഴ് സീസണിൽ ആറിലും പിഎസ്ജിയായിരുന്നു ചാന്പ്യൻമാർ. ഇക്കുറി ആഭ്യന്തര കിരീടങ്ങളിൽ എംബാപ്പെയും നെയ്മറും ഏഞ്ചൽ ഡി മരിയയും ഉൾപ്പെടുന്ന സംഘം തൃപ്തിപ്പെട്ടു.