തൃശൂർ
കഥകളിയരങ്ങിലെ അത്ഭുത വിസ്മയത്തിന് അകലംപാലിച്ച് 84–-ാം പിറന്നാളാഘോഷം. ശതാഭിഷേകനിറവിലേക്ക് കടന്ന ആശാന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മോഹൻലാൽ തുടങ്ങി പ്രഗത്ഭനിര. കോവിഡ് മഹാമാരിക്കാലത്ത് ഭാര്യ ചന്ദ്രികയും മക്കളും മരുമക്കളും പേരക്കുട്ടികളുമൊത്ത് വീട്ടിലൊതുക്കിയായിരുന്നു ആഘോഷം.
മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ നേരിൽ വിളിച്ചാണ് പിറന്നാളാശംസകൾ അറിയിച്ചത്. നടൻ മോഹൻലാൽ, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, വ്യവസായ മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, സംവിധായകരായ ജയരാജ്, ഷാജി എൻ കരുൺ, നടൻ ഇടവേള ബാബു, ഡോ. ബാലചന്ദ്ര വാര്യർ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം ക്ഷേമാവതി തുടങ്ങിയവർ ഫോണിൽ വിളിച്ച് ആശംസകളറിയിച്ചു.
നിയുക്ത സ്പീക്കർ എം ബി രാജേഷ് വീട്ടിലെത്തി ആശാനെ പൊന്നാടയണിയിച്ചു. ആശാൻ തിരിച്ചും പൊന്നാടയണിയിച്ചു. പായസവും നൽകി. മുൻ മന്ത്രി എ സി മൊയ്തീനും വീട്ടിലെത്തി ആശംസകളറിയിച്ചു. നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഗുരുവായൂരിലെ പ്രസാദവും പാൽപ്പായസവുമായിട്ടായിരുന്നു എത്തിയത്. സാംസ്കാരിക മന്ത്രി സജി ചെറിയാൻ, നടി മഞ്ജുവാര്യർ, രചന നാരായണൻകുട്ടി എന്നിവർ സമൂഹമാധ്യമത്തിൽ ആശംസകൾ പങ്കുവച്ചു.
ഗോപിയാശാന്റെ ഇഷ്ടവിഭവങ്ങളായ കുറുക്കുകാളനും ചക്ക പ്രഥമനുമുള്ള സദ്യയായിരുന്നു പിറന്നാളാഘോഷത്തിലെ സ്പെഷ്യൽ. രാവിലെ ഭാര്യക്കും മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം കേക്ക് മുറിച്ചു.