തിരുവനന്തപുരം > തൊഴിലിടങ്ങളിലെ സമ്മര്ദ്ദങ്ങളും പ്രശ്നങ്ങളും കാരണം പിടിച്ചു നില്ക്കാനാകാതെ സ്വന്തം ജീവിതം ത്യജിക്കുകയല്ല, മറിച്ച് പോരാടുകയാണ് വേണ്ടത് എന്ന് സംസ്ഥാന വനിതാ കമ്മീഷന് ചെയര്പേഴ്സണ് എം.സി.ജോസഫൈന് ആഹ്വാനം ചെയ്തു. കണ്ണൂര് തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിലെ മാനേജര് കെ.എസ്.സ്വപ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, തൊഴിലിടങ്ങളിലെ പ്രശ്നങ്ങളെയും പുതിയ ജനവിരുദ്ധ ബാങ്കിംഗ് നയങ്ങളെയും സംബന്ധിച്ച് ബി.ഇ.എഫ്.ഐ. വനിതാ സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് നടത്തിയ വെബിനാര് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോസഫൈന്.
സ്ത്രീകളുടെ പ്രശ്നങ്ങള് അതിന്റേതായ അര്ത്ഥത്തില് അഭിസംബാധന ചെയ്യപ്പെടുന്നില്ല. രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ നിരവധി കാരണങ്ങള് അതിന് പിറകിലുണ്ട്. സമൂഹത്തില് നില നില്ക്കുന്ന ആണ് മേല്ക്കോയ്മ സ്ത്രീയെ ഒരു ശരീരം മാത്രമായി കാണുന്നു. പെണ്കുഞ്ഞുങ്ങള് പോലും അതിക്രമങ്ങള്ക്കു വിധേയരാകുന്നു. സഹനം എന്നത് സ്ത്രീകളില് അടിച്ചേല്പ്പിക്കുന്നു. ഇത് സാമൂഹിക വശമാണ്.
രാജ്യത്തില് നടപ്പിലാക്കി വരുന്ന സാമ്പത്തിക നയങ്ങള് എല്ലാ തൊഴില് മേഖലകളിലും കടുത്ത സമ്മര്ദ്ദങ്ങള് സൃഷ്ടിക്കുകയാണ്. പല ഉത്തരവാദിത്തങ്ങളും ഒരേ സമയം നിര്വഹിക്കേണ്ടിവരുന്ന വനിത ജീവനക്കാരിലാണിത് ഏറെ പ്രയാസങ്ങള് സൃഷ്ടിക്കുന്നത്. നിസ്സംഗതയും നിസ്സഹായതയും ഇതിന് പരിഹാരമാകില്ല. വസ്തുതകളെയും പ്രശ്നങ്ങളെയും രാഷ്ട്രീയമായി വിലയിരുത്താന് ശ്രമിക്കണം. സ്ത്രീകളുടെ കൂട്ടായ്മ ഉയര്ന്നു വരണം. അഭിപ്രായങ്ങള് രൂപീകരിക്കാനും അത് പ്രകടിപ്പിക്കാനുമുള്ള മനോധൈര്യം വളര്ത്തിയെടുക്കാന് ഈ കൂട്ടായ്മയിലൂടെ കഴിയും. ഇത്തരത്തില് സമസ്ത മേഖലകളിലുമുള്ള സ്ത്രീകളുടെ വമ്പിച്ച പ്രതിരോധനിര രാജ്യത്ത് ഉയര്ന്നു വരണം. അതിലൂടെ മാത്രമേ നിലവിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും കഴിയൂ എന്നും അവര് ഉദ്ഘാടന പ്രഭാഷണത്തില് പറഞ്ഞു.
കൂട്ടായ്മയിലൂടെ മാനസികമായ ആരോഗ്യം എങ്ങിനെയൊക്കെ സ്വരൂപിച്ചെടുക്കാമെന്നും, സ്ത്രീകള് പ്രതികരണ ശേഷി വളര്ത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും പ്രശസ്ത ക്ലിനിക്കല് സൈക്കോളജിസ്റ്റ് ഡോ: ശാരദ രാജീവന് സംസാരിച്ചു. ബാങ്കിംഗ് മേഖലയിലെ ലാഭ വെറിയും ലാഭക്കൊതിയും എങ്ങിനെയൊക്കെയാണ് ചൂഷണങ്ങളുടെ പല രൂപ ഭാവങ്ങളിലേക്ക് പടര്ന്നു കയറുന്നത് എന്ന് ആള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്ഫെഡറേഷന് (AlBOC) ഡെപ്യൂട്ടി ജനറല് സെക്രട്ടറി വി.കെ.സോണി വിവരിച്ചു. തൊഴില് നിയമങ്ങള് പോലും ഉടമകള്ക്കായി മാറ്റി എഴുതപ്പെടുന്ന പുതിയ സാഹചര്യങ്ങളില് തൊഴിലാളി സംഘടനകളുടെ യോജിച്ചുള്ള പോരാട്ടങ്ങള് ഉയര്ന്നു വരണമെന്ന് നാഷണല് കോണ്ഫെഡറേഷന് ഓഫ് ബാങ്ക് എംപ്ലോയീസ് (NCBE) സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.അനു അഭിപ്രായപ്പെട്ടു.
ബി.ഇ.എഫ്.ഐ. സംസ്ഥാന ജനറല് സെക്രട്ടറി എസ്.എസ്.അനില്, സബ് കമ്മിറ്റി കണ്വീനര് എസ്.സുഗന്ധി എന്നിവര് വെബിനാറില് പങ്കെടുത്ത് സംസാരിച്ചു. ബി.ഇ.എഫ്.ഐ.സംസ്ഥാന വൈസ് പ്രസിഡണ്ട് എന്.എല്.പ്രേമലത അധ്യക്ഷത വഹിച്ചു. കെ.കെ.രജിത മോള് സ്വാഗതവും കെ.ഇന്ദു കൃതജ്ഞതയും രേഖപ്പെടുത്തി.