തിരുവനന്തപുരം
പൊതുവിതരണ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇതിനായി ജനങ്ങളുമായി ആശയവിനിമയം നടത്തി നിർദേശങ്ങൾ സമാഹരിക്കുമെന്നും ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആർ അനിൽ അറിയിച്ചു. കോവിഡ് കാലമായതിനാൽ അഭിപ്രായം സ്വരൂപിക്കാൻ ചൊവ്വാഴ്ചമുതൽ വെള്ളിയാഴ്ചവരെ പകൽ രണ്ടുമുതൽ മൂന്നു വരെ ലൈവ്-ഫോൺ- ഇൻ പരിപാടി നടത്തും. ഇതിനുള്ള ഫോൺ നമ്പരും വിശദാംശങ്ങളും പിന്നാലെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും നിലവിലെ പോരായ്മകളും പരാതികളും മന്ത്രിയെ നേരിട്ടറിയിക്കാം. ഇതിനുപുറമേ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ 1967 എന്ന ടോൾ ഫ്രീ നമ്പരും pg.civilsupplieskerala.gov.in എന്ന പോർട്ടലും നിലവിലുണ്ട്.
18 മുതൽ 45 വരെ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിൽ മുന്നണിപ്രവർത്തകർ എന്നനിലയിൽ റേഷൻ ജീവനക്കാരെയും ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എഫ്സിഐ ഗോഡൗൺ തൊഴിലാളികളെയും ഇപ്പോൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുവിതരണ ശൃംഖലയിലുള്ള മറ്റുള്ളവരെക്കൂടി വാക്സിനേഷൻ നൽകുന്നതിനുള്ള മുൻഗണനാ വിഭാഗത്തിൽ പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
റേഷൻ വ്യാപാരികൾ ഉൾപ്പെടെയുള്ളവർക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുള്ളതിനാൽ ഇത്തരക്കാരെ ഇൻഷുറൻസ് പരിഗണനയിൽ കൊണ്ടുവരുന്നത് ആലോചനയിലുണ്ട്. പുതിയ റേഷൻ കാർഡ് പരമാവധി വേഗത്തിൽ നൽകാനുള്ള നടപടികളാണ് കൈക്കൊള്ളുന്നത്. ഓൺലൈനായി റേഷൻ കാർഡിന് അപേക്ഷ നൽകുന്നതിനൊപ്പം കാർഡും ഓൺലൈനായി ഡൗൺലോഡ് ചെയ്യാനാകും.
കോവിഡ് കാലത്ത് സിവിൽ സപ്ലൈസ് കോർപറേഷന്റെ ഓൺലൈൻ ഡെലിവറി സംവിധാനം നിലവിൽ 107 സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്. ഇത് വ്യാപിപ്പിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.