തിരുവനന്തപുരം
തലമുറമാറ്റമെന്ന കൺക്കെട്ടിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അപമാനിച്ച് പടിയിറക്കി. ആ വികാരം അടുപ്പക്കാരോട് പങ്കിട്ടാണ് ചെന്നിത്തല ഔദ്യോഗിക വസതി ശനിയാഴ്ച വൈകിട്ട് ഒഴിഞ്ഞത്. ചെന്നിത്തലയ്ക്കായി വീറോടെ വാദിച്ച ഉമ്മൻചാണ്ടിയും പുതുപ്പള്ളിയിൽ വ്രണിത ഹൃദയനായി തുടരുകയാണ്.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള വി ഡി സതീശന്റെ വരവോടെ കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന് അറുതിയാകില്ലെന്ന് ഉറപ്പാണ്. കൂടുതൽ മുറുകാനാണ് ഏറെ സാധ്യത. നേതൃമാറ്റമെന്ന പലവട്ടം പാളിയ പരീക്ഷണത്തിന്റെ തനിയാവർത്തനമാണ് ഇക്കുറിയും നടത്തിയത്. അതിന് തലമുറമാറ്റമെന്ന വ്യാഖ്യാനം ചിലർ ചമച്ചെന്നുമാത്രം.
2016ലെ തെരഞ്ഞെടുപ്പ് തോൽവിയെത്തുടർന്നാണ് ഉമ്മൻചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയത്. വലിയ പ്രതീക്ഷയാണ് അന്ന് ഒരു വിഭാഗം മാധ്യമങ്ങളും കോൺഗ്രസ് നേതാക്കളും വച്ചുപുലർത്തിയത്. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് തിരിച്ചടിയോടെ അതെല്ലാം അസ്ഥാനത്തായി. 2001 മുതൽ നിയമസഭാംഗമായ വി ഡി സതീശൻ എങ്ങനെയാണ് പുതുമുറക്കാരനാകുമെന്ന ചോദ്യം കോൺഗ്രസുകാർതന്നെ ഉയർത്തിക്കഴിഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ആകുമ്പോൾ പ്രായം 60. സതീശനാകട്ടെ ഈ പദവിയിലെത്തുന്നത് 57–-ാം വയസ്സിലും. പിന്നെ എങ്ങനെ തലമുറമാറ്റം എന്ന് വിശേഷിപ്പിക്കുമെന്ന ചോദ്യവും പ്രസക്തമാണ്.
1995ൽ കെ കരുണാകരനെ ഇറക്കിയാണ് താരപരിവേഷത്തോടെ എ കെ ആന്റണി ആ സ്ഥാനത്ത് അവരോധിതനായത്. ഒരു വർഷം കഴിഞ്ഞ് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിൽ വന്നു. ആന്റണിയുടെ പ്രതിച്ഛായ ഇടിഞ്ഞുതാഴ്ന്നപ്പോൾ 2005ൽ ഉമ്മൻചാണ്ടി പകരക്കാരനായി. 2006ൽ എൽഡിഎഫ് ഭരണത്തിൽ വന്നു. തൊഴുത്ത് മാറ്റിയിട്ടും ഫലം കണ്ടില്ലെന്നതിന് തെളിവാണ് ഈ അനുഭവങ്ങൾ. പതിറ്റാണ്ടായി എ, ഐ ഗ്രൂപ്പുകളെ നയിക്കുന്ന ഉമ്മൻചാണ്ടി-–- രമേശ് ചെന്നിത്തല അച്ചുതണ്ട് ഏറെക്കുറെ അവസാനിക്കുകയാണെന്നു കരുതാൻ കഴിയില്ല. സതീശനെ ചുറ്റിപ്പറ്റി പുതിയ ഗ്രൂപ്പിന്റെ പിറവിക്ക് തുടക്കംകുറിച്ചിരിക്കുകയാണ് എന്നതാണ് യാഥാർഥ്യം.
ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും സമ്മർദതന്ത്രങ്ങളെ മറികടക്കാൻ ഹൈക്കമാൻഡിന് ആര് വഴികാട്ടിയെന്നതാണ് ചോദ്യം. രാഹുൽ ഗാന്ധി ഫാക്ടറിൽ ന്യായീകരണം കണ്ടെത്തുന്നവർക്കും കെ സി വേണുഗോപാലിന്റെ കരങ്ങളാണ് പിന്നിലെന്ന് അറിയാം. ഉമ്മൻചാണ്ടി, ചെന്നിത്തല കൂട്ടുകെട്ടിനെ ഒറ്റയടിക്ക് അപ്രസക്തമാക്കാൻ കഴിഞ്ഞൂവെന്നത് വേണുഗോപാലിന് ആശ്വസം പകരുന്നതാണ്.
തീരുമാനം മാറിയത് പെട്ടെന്ന്
ദേശീയ നിരീക്ഷകനായ മല്ലികാർജുൻ ഖാർഗെയ്ക്ക് കഴിഞ്ഞ ദിവസം രാത്രിയിലും കിട്ടിയ നിർദേശം രമേശിനെ നിലനിർത്താനും ഉമ്മൻചാണ്ടിയെ കെപിസിസി പ്രസിഡന്റാക്കാനുമുള്ള ഫോർമുലയായിരുന്നു. മുതിർന്ന ദേശീയ നേതാക്കളിൽനിന്ന് ഈ സൂചന കിട്ടിയതുമൂലമാണ് ചെന്നിത്തല ഔദ്യോഗിക വസതി ഒഴിയാതിരുന്നത്. എന്നാൽ, ശനിയാഴ്ച രാവിലെ എത്തിയ ഹൈക്കമാൻഡ് തീരുമാനം ചെന്നിത്തലയ്ക്ക് ഞെട്ടലായി. വൈകിട്ട് ഔദ്യോഗിക വസതി ഒഴിയുകയല്ലാതെ മറ്റ് മാർഗമില്ലാതായി. സതീശനെ പ്രതിപക്ഷ നേതൃപദവിയിലേക്ക് നിയമിക്കാനുള്ള തീരുമാനം മുല്ലപ്പള്ളിക്കും കനത്ത പ്രഹരമായി. ചെന്നിത്തലയ്ക്കൊപ്പം തനിക്കും കടിച്ചുതൂങ്ങാം എന്നായിരുന്നു മുല്ലപ്പള്ളിയുടെ കണക്കുകൂട്ടൽ.