കൽപ്പറ്റ > മിൽമ സംഭരിക്കാത്തതിനാൽ സംഘങ്ങളിൽ അധികം വരുന്ന പാൽ ഏറ്റെടുത്ത് പഞ്ചായത്തുകൾ മുഖേന വിതരണം ചെയ്യാൻ സർക്കാർ ഉത്തരവ്. പാൽ സംഭരിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലും അതിഥി തൊഴിലാളികൾക്കും വിതരണം ചെയ്യാൻ അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സംസ്ഥാന സർക്കാരിന്റെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനാവശ്യമായ പണം വിനിയോഗിക്കും.
ആദിവാസി കോളനികൾ, അങ്കണവാടികൾ എന്നിവിടങ്ങളിലും പാൽ വിതരണം ചെയ്യാനും പദ്ധതിയുണ്ട്. കലക്ടർമാർ ചെയർന്മാരായ ദുരന്തനിവാരണ സമിതികൾക്കാണ് പാൽ വിൽപ്പനയുടെ ചുമതല. ക്ഷീര കർഷകർക്ക് ഏറെ ആശ്വാസം പകരുന്നതാണ് സർക്കാർ തീരുമാനം. ലോക് ഡൗണിൽ പാൽ വിൽപ്പന ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഉച്ചക്ക് ശേഷമുള്ള പാൽ ഏറ്റെടുക്കില്ലെന്ന് മിൽമ തീരുമാനിച്ചത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമായി. ഇതോടെ 80 ശതമാനം പാൽ സംഭരിക്കാൻ മിൽമ നടപടിയെടുത്തിരുന്നു.
പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിതോടെയാണ് പാൽ സംഭരിച്ച് വിതരണം ചെയ്യാൻ സർക്കാർ ഉടൻ ഉത്തരവിട്ടത്. ലോക് ഡൗൺ സാഹചര്യത്തിൽ വിൽപ്പന കുറഞ്ഞതോടെ 4.5 ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം മിൽമക്ക് ബാക്കി വന്നത്. കഴിഞ്ഞ വർഷം ലോക് ഡൗൺ കാലത്തും ഇതേ പ്രതിസന്ധിയുണ്ടായിരുന്നു. അയൽ സംസ്ഥാനങ്ങളിലേക്കയച്ച് പാൽപ്പൊടിയാക്കിയാണ് അന്ന് മിൽമ കർഷകരെ സഹായിച്ചത്.