പങ്കജ് കുമാർ ഗുപ്ത എന്ന് പേരുള്ള യുവാവാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് ട്വീറ്റ് ചെയ്തത്. കാമുകിയുടെ വിവാഹം നിർത്തിവയ്പ്പിക്കാൻ അല്പം വളഞ്ഞാണ് പങ്കജ് മൂക്കുപിടിച്ചത്. കോവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവാഹങ്ങളും കുറച്ച് ദിവസത്തേക്ക് നിരോധിക്കണം എന്നാണ് യുവാവിന്റെ ആവശ്യം.
ഈ മാസം 13ന് നിതീഷ് കുമാർ ട്വിറ്ററിൽ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. “ലോക്ക്ഡൗണിന്റെ ഫലം വ്യക്തമാണ്. അതിനാൽ, ലോക്ക്ഡൗൺ 10 ദിവസം കൂടി നീട്ടാൻ തീരുമാനിച്ചു, മെയ് 16 മുതൽ 25 വരെ” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്. ഈ ട്വീറ്റിന് മറുപടിയായി ഹിന്ദിയിലാണ് പങ്കജ് തന്റെ ആവശ്യം അറിയിച്ചത്. “സർ, നിങ്ങൾക്ക് വിവാഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ കഴിയുമെങ്കിൽ, മെയ് 19 ന് നടക്കാനിരുന്ന എന്റെ കാമുകിയുടെ വിവാഹവും മുടങ്ങും. ഞാൻ എന്നേക്കും നിങ്ങളോട് നന്ദിയുള്ളവനായിരിക്കും,” പങ്കജ് കുറിച്ചു.
നിരവധിപേരാണ് പങ്കജിന്റെ മറുപടി ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ” പറ്റുമെങ്കിൽ വിവാഹം നിരോധിച്ചേക്ക്, അവന്റെ ഒരാഗ്രഹമല്ലേ” എന്നാണ് കുന്ദൻ എന്ന് പേരായ ട്വിറ്റെർ ഉപഭോക്താവ് കുറിച്ചിരിക്കുന്നത്. ‘വിവാഹം നിർത്തിവച്ചാലും പിന്നീട് കാമുകി പങ്കജിനെ വിവാഹം കഴിക്കാൻ സമ്മതിക്കും എന്നുറപ്പുണ്ടോ?’ എന്നതാണ് മറ്റൊരാളുടെ സംശയം. അതെ സമയം വിവാഹം അല്ല ജീവിതത്തിലെ വലിയ കാര്യം എന്നും കാമുകിയോട് പോകാൻ പറ എന്ന് ഉരുപദേശിക്കുന്ന കൂട്ടരെയും കാണാം.
പിൻകുറിപ്പ്; മുഖ്യമന്ത്രി നിതീഷ് കുമാർ ബിഹാറിൽ വിവാഹങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ല. 19-ാം തിയതി പിന്നിടും ചെയ്തു. പങ്കജിന്റെ കാമുകിയുടെ വിവാഹം കഴിഞ്ഞോ എന്ന് വ്യക്തമല്ല. വിവാഹം കഴിഞ്ഞെങ്കിൽ അതൊരൊന്നൊന്നര ‘തേപ്പ്’ ആയല്ലോ?