തെരഞ്ഞെടുപ്പ് തോൽവിയെ പരാജയമായി തന്നെ കാണും. വിവേകമാണ് ഇപ്പോൾ പാർട്ടിക്ക് ആവശ്യം. എന്നാൽ കോൺഗ്രസിൽ പദവികൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കുന്ന രീതി ശരിയല്ല. പാർട്ടിയിൽ തലമുറ മാറ്റം ആവശ്യമാണെങ്കിൽ മാറി നിൽക്കാൻ താൻ തയ്യാറാണെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് മുരളീധരൻ പറഞ്ഞു.
ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് സഭയിൽ ഉണ്ടാകുമെന്ന കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത് ആരാകുമെന്ന കാര്യത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാനില്ല. ഇക്കാര്യത്തിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. ആരാണ് പ്രതിപക്ഷ നേതാവ് ആകേണ്ടതെന്ന് എംഎൽഎമാർ പറയും. സംഘടന കാര്യമാണ് മുഖ്യമെന്നും മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ്-19 മാർഗനിർദേശങ്ങൾ നിലനിൽക്കുന്നതിലാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ട് നിന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് സ്ഥാനത്ത് രമേശ് ചെന്നിത്തല തുടരണമെന്ന് ഉമ്മൻ ചാണ്ടി ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു . പാർട്ടിയെ മുന്നോട്ട് നയിക്കാൻ ചെന്നിത്തല തന്നെ തുടരണം. ആവേശം കൊണ്ട് മാത്രം പാർട്ടിയെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
വി ഡി സതീശൻ പ്രതിപക്ഷ നേതാവകുമെന്ന റിപ്പോർട്ടുകൾ ശക്തമായതോടെയാണ് രമേശ് ചെന്നിത്തലയ്‌ക്കായി ഉമ്മൻ ചാണ്ടി നിലയുറപ്പിച്ചത്. അതേസമയം, ഭൂരിഭാഗം എംഎൽഎമാരും പ്രതിപക്ഷ നേതാവായി സതീശൻ വരണമെന്ന് എഐസിസി നിരീക്ഷകരായ മല്ലികാർജുൻ ഖാർഗെ, വൈത്തലിംഗം എന്നിവരെ അറിയിച്ചതായാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.