അഡ്വക്കറ്റ് ജനറലായി കെ ഗോപാലകൃഷ്‌ണക്കുറുപ്പിനെ നിയമിക്കാന്‍ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ടി എ ഷാജിയെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സായി നിയമിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് ഉപാധ്യക്ഷനായി വി കെ രാമചന്ദ്രനെ നിയമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിർണായക വിവരങ്ങൾ പങ്കുവച്ചത്. സത്യപ്രതിജ്ഞയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയേറ്റിലെ ഓഫീസിലെത്തി ചുമതല ഏറ്റെടുത്തു. നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ 141മത് നമ്പർ മുറിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിദേശൻ തുടരും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായ കെകെ രാഗേഷിനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ആയി മുൻ ഐ.അർ.എസ് ഉദ്യോഗസ്ഥൻ ആർ മോഹനനെയും നിയമിച്ചു.
അടുത്ത അഞ്ച് വർഷത്തിനിടെ ദാരിദ്രം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ പൂർണമായും നടപ്പാക്കുന്നതിനൊപ്പം വ്യവസായങ്ങളുടെ വളർച്ച ഉറപ്പുവരുത്തുമെന്നും ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.