സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന ആളുകളുടെ പരമാവധി എണ്ണം കുറയ്ക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എല്ലാ എംഎൽഎമാരും മന്ത്രിമാരും സത്യപ്രതിജ്ഞയ്ക്ക് എത്തണമോയെന്ന് രാഷ്ട്രീയ പാർട്ടികൾ തീരുമാനിക്കണം എന്നായിരുന്നു കോടതി നിർദ്ദേശം. വീട്ടിലിരുന്ന് ഓൺലൈനിൽ കാണുമെന്നാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.
നിർദ്ദേശത്തിനു പിന്നാലെ 350 പേർ മാത്രമേ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുകയുള്ളൂ എന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുറസായ സ്ഥലത്ത് എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ചടങ്ങ് നടത്തുന്നതെന്നും കോടതിയെ അറിയിച്ചു.
ചടങ്ങിൽ പങ്കെടുക്കുന്നവർ 2.45ന് മുമ്പ് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തണം. കൊവിഡ് ബാധിതരല്ലെന്ന് തെളിയിക്കുന്ന ടെസ്റ്റ് റിസൾട്ട് കൈവശം ഉണ്ടായിരിക്കണം. ചടങ്ങിൽ പങ്കെടുക്കുന്നവരെ പരിശോധിക്കാൻ എംഎൽഎ ഹോസ്റ്റൽ, സെക്രട്ടറിയേറ്റ് അനക്സ് ഒന്ന് മന്ദിരത്തിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.