തിരുവനന്തപുരം
മലയാളികൾ നെഞ്ചേറ്റിയ തുടർഭരണത്തിൽ പിണറായി വിജയനൊപ്പം ക്യാബിനറ്റിലുണ്ടാകുക മൂന്ന് വനിതകളടക്കം 17 പുതുമുഖങ്ങൾ. 1957ന് ശേഷം ആദ്യമായാണ് ഇത്രയും പുതുമുഖങ്ങളെ ഉൾപ്പെടുത്തി മന്ത്രിസഭ രൂപീകരിക്കുന്നത്. സ്പീക്കറാകുന്ന എം ബി രാജേഷും നിയമസഭയിൽ കന്നിക്കാരനാണ്. അങ്ങനെ പുതുമകൾകൊണ്ട് ചരിത്രത്തിൽ ഇടംനേടുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാർ. വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവർ മാത്രമാണ് നേരത്തെ മന്ത്രിയായത്. ഇതിൽ കെ കൃഷ്ണൻകുട്ടിയും എ കെ ശശീന്ദ്രനും നിലവിൽ മന്ത്രിമാരാണ്. കെ രാധാകൃഷ്ണൻ ഇ കെ നായനാർ സർക്കാരിൽ മന്ത്രിയും വി എസ് അച്യുതാനന്ദൻ സർക്കാരിൽ സ്പീക്കറുമായിരുന്നു.17പേരിൽ ഒമ്പതുപേർ നിയമസഭയിൽ തന്നെ ആദ്യമാണ്.
മുഖ്യമന്ത്രിയെ കൂടാതെ 11 പേരാണ് സിപിഐ എമ്മിൽനിന്ന് മന്ത്രിമാരാകുക. ഇതിൽ കെ രാധാകൃഷ്ണൻ ഒഴികെ എം വി ഗോവിന്ദൻ, പി രാജീവ്, കെ എൻ ബാലഗോപാൽ, വി എൻ വാസവൻ, മുഹമ്മദ് റിയാസ്, ആർ ബിന്ദു, വി ശിവൻകുട്ടി, സജി ചെറിയാൻ, വീണ ജോർജ്, വി അബ്ദുൾ റഹ്മാൻ എന്നിവർ പുതുമുഖങ്ങൾ. സിപിഐയിലെ കെ രാജൻ നിലവിൽ ചീഫ് വിപ്പായിരുന്നു. പി പ്രസാദ്, ചിഞ്ചുറാണി, ജി ആർ അനിൽ എന്നിവർ നിയമസഭയിലെത്തുന്നതും ആദ്യം. എൽഡിഎഫ് രൂപം കൊണ്ട ശേഷം ആദ്യമായാണ് സിപിഐക്ക് വനിതാ മന്ത്രി.
കേരള കോൺഗ്രസ് അംഗം റോഷി അഗസ്റ്റിൻ, ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജു, ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിൽ എന്നിവരും ആദ്യമായാണ് മന്ത്രിമാരാകുന്നത്.
hi testing