കൊച്ചി
“അവഗണിച്ചവർപോലും ഇന്ന് എന്റെ നേട്ടത്തിൽ അഭിമാനംകൊള്ളുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു’–- മിസ് ട്രാൻസ് ഗ്ലോബൽ സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന മലയാളി ട്രാൻസ് വനിത ശ്രുതി സിത്താരയുടെ വാക്കുകൾ. ജൂണിൽ ലണ്ടൻ കേന്ദ്രീകരിച്ച് വെർച്വലായി നടക്കുന്ന സൗന്ദര്യമത്സരത്തിൽ മാറ്റുരയ്ക്കാൻ തയ്യാറെടുക്കുകയാണ് ശ്രുതി സിത്താര.
ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി മിസ് ട്രാൻസ് ഗ്ലോബൽ കഴിഞ്ഞവർഷമാണ് മിസ് ട്രാൻസ് ഗ്ലോബൽ സൗന്ദര്യമത്സരം ആരംഭിച്ചത്. അന്ന് ഫിലിപ്പിൻകാരി മേളയായിരുന്നു വിജയി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തവണത്തെ മത്സരം വെർച്വലായി നടത്തുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ട്രാൻസ് വനിതകളാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ ശ്രുതി സിത്താരയ്ക്കൊപ്പം മത്സരിച്ചത്. ഒരുമാസം നീണ്ട മത്സരത്തിനൊടുവിലാണ് ശ്രുതി വിജയിയായത്. കോഴിക്കോട് സ്വദേശിനി സഞ്ജന ചന്ദ്രനോടായിരുന്നു ഒടുവിലത്തെ മത്സരം.
സാമൂഹികനീതിവകുപ്പിൽ പ്രോജക്ട് അസിസ്റ്റന്റായി ജോലി നോക്കിയിരുന്ന ശ്രുതി സിത്താര, 2018ൽ ക്വീൻ ഓഫ് ദ്വയ സൗന്ദര്യമത്സരത്തിലെ വിജയിയായിരുന്നു. വിജയിയായിട്ടും നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി കളിയാക്കലുകൾ നേരിട്ടു. ഇതോടെ മോഡലിങ്ങിൽ സജീവമാകാൻ തീരുമാനിച്ചു. അധിക്ഷേപിച്ചവരെ അമ്പരപ്പിച്ച് മോഡലിങ്ങിലും അഭിനയത്തിലും സജീവമായി. വൈക്കം സ്വദേശികളായ പവിത്രനും പരേതയായ രാധയുമാണ് മാതാപിതാക്കൾ. എറണാകുളം ചക്കരപ്പറമ്പിലാണ് താമസം.