ന്യൂയോർക്ക്
ഇന്ത്യയിലെ കോവിഡ് അതിവ്യാപനം ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ എത്തിക്കാനുള്ള യുഎന്നിന്റെ കോവാക്സ് സംരംഭത്തെ പ്രതികൂലമായി ബാധിക്കുന്നു. ലോകത്തെ പ്രധാന വാക്സിൻ ഉൽപ്പാദന സ്ഥാപനമായ ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് (എസ്ഐഐ) മാർച്ച് മുതൽ കയറ്റുമതി നിർത്തിവച്ചിരിക്കുകയാണ്. രാജ്യത്തെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഇത്. ജൂണോടെ എസ്ഐഐയിൽനിന്നുള്ള കയറ്റുമതിയിൽ 19 കോടി ഡോസിന്റെ കുറവുണ്ടാകുമെന്നാണ് യുഎൻ കണക്കാക്കുന്നത്.
ഇന്ത്യയിൽ കോവിഡ് സാഹചര്യം നിയന്ത്രണ വിധേയമായാൽ ഉടൻതന്നെ കോവാക്സ് സംരംഭത്തിലേക്കുള്ള വാക്സിൻ ഉൽപ്പാദിപ്പിച്ച് നൽകണമെന്ന് ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറൽ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് സിറം ഇൻസ്റ്റിറ്റ്യൂട്ടിനോട് അഭ്യർഥിച്ചു.
കോവാക്സിൽ 124 രാജ്യങ്ങൾക്ക് ഇതുവരെ 6.5 കോടി ഡോസ് വാക്സിൻ എത്തിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് മേയിൽ നൽകാമെന്നേറ്റ 14 കോടി ഡോസ് ലഭ്യമാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നെന്ന് യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ഹെൻറീറ്റ ഫോറെ പറഞ്ഞു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ജൂണിൽ നൽകാമെന്നേറ്റ അഞ്ചുകോടി ഡോസ് എപ്പോൾ വാക്സിൻ ലഭിക്കുമെന്നതിലും വ്യക്തതയില്ല.
ഫൈസർ ഏറ്റ നാലുകോടി ഡോസ് ജൂണിന് ശേഷമേ ലഭിക്കൂ. 50 കോടി ഡോസ് നൽകാമെന്ന് മൊഡേണയും ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ഇതിൽ ഭൂരിപക്ഷവും അടുത്തവർഷമേ ലഭ്യമാകൂ. മുന്നറിയിപ്പുകൾ ഗൗരവമായി എടുത്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നതിന്റെ ഉദാഹരണമാണ് ഇന്ത്യൻ സാഹചര്യമെന്നും ഹെൻറീറ്റ പറഞ്ഞു.