രണ്ടാം ലോകയുദ്ധ കാലം. എല്ലാം നഷ്ടപ്പെട്ട, മലയാളി വർത്തകൻ ബർമയിൽനിന്ന് പ്രാണരക്ഷാർഥം സ്വദേശത്തേക്ക്. മൊയ്തീൻകുട്ടി എന്ന ആ യുവാവിന് വേദനമാത്രം നൽകിയ നാടാണ് ബർമ. യുദ്ധം തുടങ്ങുംമുമ്പ് ഭാര്യ മരിച്ചു. അവരുമൊത്തുള്ള ജീവിതം ഓർമിപ്പിക്കുന്ന വിലപ്പെട്ട എന്തോ ഭാണ്ഡത്തിലാക്കി കാൽനടയായി കൂട്ടുകാരോടൊപ്പം.യാത്രാക്ഷീണംകൊണ്ടും രോഗങ്ങളാലും പലരും വഴിയിൽ മരിച്ചു. ശേഷിച്ചവർ മുന്നോട്ട്. ചുമലിലെ ഭാണ്ഡം ഉപേക്ഷിക്കാൻ ചിലർ നിർബന്ധിച്ചെങ്കിലും വഴങ്ങിയില്ല; അതിൽ മകനായിരുന്നു! തന്നെ ഓർക്കാനായി ഭാര്യ നൽകിയ സമ്മാനം. മംഗോളിയൻ മുഖമുള്ള ഏഴുവയസ്സുകാരനെയും ചുമന്നുനടന്നു ആ പിതാവ്; ബർമമുതൽ കൊയിലാണ്ടിവരെ. വഴിയിൽ ഉപേക്ഷിച്ചിരുന്നെങ്കിൽ പിൽക്കാലത്ത് യു എ ഖാദർ എന്ന ഉസ്സാന്റകത്ത് അബ്ദുൾ ഖാദർ എന്ന എഴുത്തുകാരനെ മലയാളിക്ക് ലഭിക്കില്ലായിരുന്നു. കൊയിലാണ്ടിയും തൃക്കോട്ടൂർ എന്ന തിക്കോടിയുമാണ് ഏകാന്തതയും നോവുകളും ഭയകൗതുകങ്ങളും പകർന്ന് ആ എഴുത്തുകാരനെ കണ്ടെടുത്തത്.
പകുതി മംഗോളിയനായ, മലയാളമറിയാ ത്ത, തറവാട്ടുകാർക്ക് ഇഷ്ടമില്ലാത്ത വിവാഹത്തിലുണ്ടായ ആ സന്തതിക്ക് സ്നേഹംപകരാൻ ഉപ്പയുടെ ഉമ്മയായ പാത്തുമാത്രം. മകനെ ഉമ്മയെ ഏൽപ്പിച്ച് മൊയ്തീൻ വീണ്ടും ബർമയിലേക്ക്. വല്യുമ്മയുടെ മരണശേഷം ഖാദർ രണ്ടാനമ്മയുടെ വീട്ടിൽ. എങ്ങും ഏകാന്തതയും അനാഥത്വവും അവഹേളനവും. പതിയെ ചാലിയത്തെരുവിലെ കുഞ്ഞുങ്ങളുമായി കൂട്ടുകൂടാൻ കഴിഞ്ഞത് പുതിയ തുടക്കം. മുസ്ലിം ആചാരങ്ങളിലും വിശ്വാസത്തിലും പുലർന്ന തറവാട്ടിനകത്തെ ജീവിതം എന്ന പ്യൂപ്പയെ അറിയാതെ തകർക്കുകയായിരുന്നു ഖാദർ. എഴുത്തിന്റെ ആദ്യഘട്ടത്തിൽ സുന്നി‐മുജാഹിദ് പ്രശ്നം പരാമർശിച്ച് “ചങ്ങല’ (1966) നോവലെഴുതാനുള്ള തിണ്ണബലം നൽകിയതും കമ്യൂണിസത്തോട് ആഭിമുഖ്യം പുലർത്താനുള്ള സാഹചര്യമൊരുക്കിയതും സമുദായ ചലനം വിലയിരുത്താനും വിമർശിക്കാനും കഴിഞ്ഞതുമെല്ലാം മേൽപറഞ്ഞ പശ്ചാത്തലം.
നെയ്ത്തുകാരുടെ ജീവിതപരിസരം, ഗണപതിയുടെയും ഭഗവതിയുടെയും ക്ഷേത്രങ്ങൾ, ചെണ്ടമേളം, സർപ്പക്കാവ്, വടക്കൻ പാട്ട്, തിറയുത്സവം‐ എല്ലാം ഭയകൗതുകങ്ങളായി. അതിദേവതാ സങ്കൽപ്പങ്ങളും പുരാവൃത്തങ്ങളും പ്രാക്തന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ഗൃഹാതുരത്വമായി, സർഗസാന്നിധ്യമായി നിറയുന്നത് പ്രവാസകാലത്ത്. അതായത്, മദിരാശിയിലെ ചിത്രകലാപഠനകാലത്തും, ശേഷം പല തൊഴിൽചെയ്ത് ബംഗളൂരുവിലും മറ്റും പുലർന്ന കാലത്താവണം “തൃക്കോട്ടൂർ’ ഉരുവം കൊള്ളുന്നത്. അവ കടലാസിൽ പകർത്തിയത് കോഴിക്കോട്ട് സ്ഥിരതാമസമാക്കിയപ്പോൾ.
അപ്പോഴേക്കും ആരോഗ്യവകുപ്പിലെ ജോലിമാറി ആകാശവാണിയിൽ.കോഴിക്കോടൻ സൗഹൃദ കൂട്ടായ്മയാണ് ആ എഴുത്തുകാരനെ രൂപപ്പെടുത്തിയത്. അങ്ങനെ നോക്കുമ്പോൾ എഴുത്തു ജീവിതത്തെ രണ്ടാക്കാം. കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ ശേഷമുള്ളതും, തൃക്കോട്ടൂർ താമസകാലത്തുള്ളതും. തൃക്കോട്ടൂർ കാലത്ത് വായനയിലേക്കും എഴുത്തിലേക്കും തിരിച്ചുവിട്ടത് അയൽക്കാരനായ സി എച്ച് മുഹമ്മദ് കോയ. അദ്ദേഹം നൽകിയ ബഷീറിന്റെ “ബാല്യകാലസഖി’കോരിത്തരിപ്പിച്ചു. പതിയെ വായനയിൽനിന്ന് എഴുത്തിലേക്ക്. ആദ്യ മേജർ കഥ കൊയിലാണ്ടി ഗവ. ഹൈസ്കൂൾ കാലത്ത് എഴുതിയ “കണ്ണുനീർ കലർന്ന പുഞ്ചിരി’. സി എച്ച് പത്രാധിപരായ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ അത് 52 ൽ വന്നു. അതിനുമുമ്പ് ചന്ദ്രിക ബാലപംക്തിയിൽ “വിവാഹസമ്മാനം’ കഥ യും.
ആറ് പതിറ്റാണ്ട് കടന്ന സർഗജീവിതത്തിനിടയിൽ കഥ, നോവൽ, യാത്രാവിവരണ ശാഖകളിലായി അമ്പതോളം കൃതികൾ. മികച്ച കഥാസമാഹാരത്തിനുള്ള സാഹിത്യ അക്കാദമി പുരസ്കാരം തൃക്കോട്ടൂർ പെരുമയ്ക്ക് ലഭിച്ചു. അബുദാബി ശക്തി‐ എസ് കെ പൊറ്റെക്കാട് അവാർഡുകൾ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട ഭാഷകളിൽ രചനകൾ വിവർത്തനം ചെയ്യപ്പെട്ടു. മണ്ണിന്റെയും വിയർപ്പിന്റെയും രക്തത്തിന്റെയും ഉഷ്ണപ്പെരുക്കങ്ങളുടെയും ഗന്ധമുള്ള ഖാദറിന്റെ സർഗഭൂമിയിൽ ദ്രവീഡിയൻ സ്വത്വം കലർന്നു. സവർണ ജീവിതാഖ്യാനങ്ങളുടെയും വൈദേശിക സ്വാധീനമുള്ള മലയാളഭാഷയുടെയും ആധിപത്യത്തിലായ എഴുപതുകളിൽ അദ്ദേഹത്തെ വേർതിരിച്ചുനിർത്തിയത് ആ ആഖ്യാനം. ആര്യസ്വാധീനമില്ലാത്ത,വൈദിക സംസ്കാരം അധിപത്യം പുലർത്തിയിട്ടില്ലാത്ത പരിസരത്തെ അതിന്റെ വ്യവഹാരഭാഷയിൽ ആവിഷ്കരിച്ചാണ് പാത വെട്ടിത്തെളിച്ചത്. ബാല്യം ചെലവിട്ട ബർമയിലെ അനാര്യപരിസരങ്ങളുടെ സ്വാധീനവും അടിത്തട്ടിലുണ്ടാകാം. തെക്ക് കോരപ്പുഴയ്ക്കും വടക്ക് മൂരാട് പുഴയ്ക്കുമുള്ളിൽ ഒതുങ്ങുന്ന പ്രദേശംമാത്രമല്ല തൃക്കോട്ടൂർ. പ്രാക്തനമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും അതിദേവതാ സങ്കൽപ്പങ്ങളും നിറഞ്ഞ ഏതൊരു ഉത്തരകേരള ഗ്രാമവും തൃക്കോട്ടൂരാണ്. തീക്ഷ്ണമായ വർണങ്ങളും ഗന്ധങ്ങളും ശബ്ദങ്ങളുമാണ് അവയുടെ ഉൾസ്പന്ദങ്ങളിൽ. ആ പശ്ചാത്തലത്തിലേക്ക് തന്നിൽ ആഴത്തിൽ പതിഞ്ഞ ആദിമവിഷാദങ്ങളും ഭയവിഹ്വലതകളും ആനന്ദകൗതുകങ്ങളും വിളക്കിച്ചേർക്കുകയായിരുന്നു ഖാദർ. അങ്ങനെ “തൃക്കോട്ടൂർ’ ദേശത്തിന്റെ കഥയെന്നതിനു പുറമെ എഴുത്തുകാരന്റെ നിലപാടുകളുടെ, സാഹിത്യ സമീപനങ്ങളുടെ അടിസ്ഥാനശിലകൂടിയായി.