കണ്ണൂര് > പുതുമുഖങ്ങളെ അണിനിരത്തി കേരളത്തെ നയിക്കാനുള്ള സിപിഐ എം തീരുമാനം ധീരവും പ്രതീക്ഷാനിര്ഭരവുമാന്നെന്ന് കഥാകൃത്ത് ടി പത്മനാഭന്.
അസാധാരണവും അത്യന്തം സന്തോഷവും ഉണ്ടാക്കുന്ന തീരുമാനമാണ് പിണറായി വിജയന്റെ നേതൃത്വത്തില് എടുത്തിരിക്കുന്നത്. കഴിഞ്ഞ മന്ത്രിസഭയില് ജി സുധാകരനെയും തോമസ് ഐസക്കിനെയും ഇ പി ജയരാജനെയും പോലുള്ള പ്രഗത്ഭരുണ്ടായിട്ടും രണ്ടുതവണ മത്സരിച്ചവരെ മാറ്റിനിര്ത്താന് കാണിച്ച അതേ ധീരതയാണ് മന്ത്രിസഭാ രൂപവല്ക്കരണത്തിലും കാണിച്ചിരിക്കുന്നത്.
മറ്റു പാര്ടികള്ക്ക് ഇങ്ങനെ ഒന്ന് ആലോചിക്കാനാവില്ല. യുവാക്കള്ക്കും സ്ത്രീകള്ക്കും വേണ്ടുവോളം പ്രാധാന്യം നല്കിയിരിക്കുന്നു. നിര്ദിഷ്ട മന്ത്രിസഭ യുവരക്തത്തില് തിളങ്ങുന്നതാവും. അവരില് പലരെയും എനിക്ക് നേരിട്ട് അറിയാം. കടകംപള്ളി സുരേന്ദ്രനെയും കെ കെ ശൈലജയെയും പോലെ പ്രഗത്ഭരായ മന്ത്രിമാരെ മാറ്റി നിര്ത്തിയാണ് പുതുമുഖങ്ങള്ക്ക് അവസരം നല്കിയിരിക്കുന്നത്. ഇത് വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലല്ല, ഒരു നയത്തിന്റെ ഭാഗമായാണ്. തീര്ച്ചയായും പിണറായി വിജയന് നയിക്കുന്ന പ്രസ്ഥാനത്തിനേ ഇങ്ങനെ ഒരു ഇച്ഛാശക്തിയുണ്ടാവൂ.
ഈ പ്രതിസന്ധി ഘട്ടത്തില് കേരളത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കാന് ഈ പുതുനിരയ്ക്ക് കഴിയും എണാണ് എന്റെ ഉത്തമ വിശ്വാസം– ടി പത്മനാഭന് പറഞ്ഞു.