തിരുവനന്തപുരം
ഉപയോഗിച്ച മാസ്കുകൾ എന്തുചെയ്യുമെന്ന് ആലോചിച്ച് തലപുകക്കേണ്ട. അതിനും സംവിധാനമായി. കേരള സ്റ്റാർട്ടപ് മിഷന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന കൊച്ചിയിലെ വിഎസ്ടി മൊബിലിറ്റി സൊല്യൂഷൻസാണ് മാസ്കുകൾ ശേഖരിച്ച് അണുവിമുക്തമാക്കി നശിപ്പിക്കുന്ന ബിൻ 19 എന്ന ഉപകരണം വികസിപ്പിച്ചത്.
തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ സഹായത്തോടെയാണ് വിഎസ്ടി ഉപകരണം വികസിപ്പിച്ചത്. ഉപയോഗിച്ച മാസ്ക് ബിൻ -19ന്റെ ചേംബറിലിടുമ്പോൾ അണുവിമുക്തമാകുകയും ബിന്നിനകത്തെ മറ്റൊരു അറയിൽ മാസ്കുകൾ എത്തുകയും ചെയ്യും. മാസ്ക് ചേംബറിലിടുന്നവർക്ക് ബിന്നിലെ ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസറിന്റെ സഹായത്തോടെ കൈ അണുവിമുക്തമാക്കാം. ഇന്റർനെറ്റ് ഓഫ് തിങ്സിന്റെ സഹായത്താൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയാണ് ബിന്നിന്റെ പ്രവർത്തനം.
ബിൻ പ്രവർത്തനക്ഷമമാകുമ്പോഴും ബോക്സ് തുറക്കുമ്പോഴും ഓഫ് ആകുമ്പോഴും മുന്നറിയിപ്പ് നൽകാനുള്ള സംവിധാനവുമുണ്ടെന്ന് വിഎസ്ടി സിഇഒ അൽവിൻ ജോർജ് പറഞ്ഞു. പൊതുനന്മാ ഫണ്ടുപയോഗിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ ഭരണകേന്ദ്രങ്ങളിലും ബിൻ 19 സ്ഥാപിച്ചുകഴിഞ്ഞു. ബിൻ 19ന് യൂറോപ്യൻ രാജ്യങ്ങളിൽനിന്നടക്കം ഓർഡർ ലഭിച്ചുകഴിഞ്ഞു.