തിരുവനന്തപുരം
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർച്ചയായ രണ്ടാം മന്ത്രിസഭയിൽ 21 മന്ത്രിമാർ. തിങ്കളാഴ്ച ചേർന്ന എൽഡിഎഫ് യോഗമാണ് തീരുമാനം എടുത്തത്. വകുപ്പുകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് എൽഡിഎഫ് നിയമസഭാകക്ഷി യോഗം ചേർന്ന് നേതാവിനെ തെരഞ്ഞെടുക്കും. തുടർന്ന് സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗവർണറുമായി അദ്ദേഹം ചർച്ച നടത്തും. ആൾക്കൂട്ടം ഒഴിവാക്കി 20ന് വൈകിട്ട് സത്യപ്രതിജ്ഞ നടത്തും.
സിപിഐ എമ്മിന്–-12, സിപിഐക്ക്–-നാല്, കേരള കോൺഗ്രസ് എം, ജനതാദൾ എസ്, എൻസിപി എന്നിവയ്ക്ക് ഓരോന്ന് വീതവും മന്ത്രിമാരുണ്ടാകും. ഒറ്റ എംഎൽഎയുള്ള മുന്നണിയിലെ നാല് ഘടകകക്ഷികൾ ടേം അടിസ്ഥാനത്തിൽ രണ്ടരവർഷംവീതം മന്ത്രിസ്ഥാനം പങ്കിടും. ജനാധിപത്യ കേരള കോൺഗ്രസ്, ഐഎൻഎൽ എന്നിവയ്ക്ക് ആദ്യഘട്ടത്തിലും കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ് എന്നീ കക്ഷികൾക്ക് രണ്ടാം ടേമിലും മന്ത്രിസ്ഥാനം ലഭിക്കും. സ്പീക്കർ സിപിഐ എമ്മിനും ഡെപ്യൂട്ടി സ്പീക്കർ സിപിഐക്കുമാണ്. ചീഫ് വിപ്പ് കേരള കോൺഗ്രസ് എമ്മിന് നൽകും.
എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയിലാണ് എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയത്, അതിനാൽ ആ പ്രാതിനിധ്യം ഉറപ്പിക്കുന്ന സർക്കാരാണ് രൂപീകരിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു. ഭരണഘടന അനുസരിച്ച് പരമാവധി 21 മന്ത്രിമാരേ പാടുള്ളൂ. അതിനാലാണ് എൽജെഡിയെ പരിഗണിക്കാൻ കഴിയാത്തതെന്ന് വാർത്താലേഖകരുടെ ചോദ്യത്തിന് മറുപടി നൽകി.
ജനാധിപത്യ കേരള കോൺഗ്രസിലെ ആന്റണി രാജുവും ഐഎൻഎല്ലിലെ അഹമ്മദ് ദേവർകോവിലും ആദ്യടേമിൽ മന്ത്രിമാരാകും. ജനതാദൾ എസിൽനിന്ന് കെ കൃഷ്ണൻകുട്ടിയെ തീരുമാനിച്ചു. കേരള കോൺഗ്രസ് എമ്മിൽനിന്ന് റോഷി അഗസ്റ്റിൻ മന്ത്രിയാകും. ഡോ. എൻ ജയരാജ് ചീഫ് വിപ്പാകുമെന്നാണ് സൂചന. കേരള കോൺഗ്രസ് ബിയിലെ ഗണേഷ്കുമാറും കോൺഗ്രസ് എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയും രണ്ടാംടേമിൽ മന്ത്രിമാരാകും. സിപിഐ എം, സിപിഐ മന്ത്രിമാരെ ചൊവ്വാഴ്ച തീരുമാനിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് രാവിലെ 9.30 നും സംസ്ഥാനകമ്മിറ്റി 11.30നും ചേരും. സിപിഐ സംസ്ഥാന എക്സിക്യുട്ടീവും സംസ്ഥാന കൗൺസിലും ചൊവ്വാഴ്ച ചേരും.
എൽഡിഎഫ് യോഗത്തിൽ തെരഞ്ഞെടുപ്പ് വിജയം മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക്മുറിച്ച് ആഘോഷിക്കുന്നു. സമീപം ഘടകകക്ഷി നേതാക്കൾ