തൃശൂർ > കൊടകരയിലെ ബിജെപി കുഴൽപ്പണ കവർച്ചക്കേസിൽ രണ്ടു പ്രതികളെക്കൂടി കസ്റ്റഡിയിൽ വാങ്ങി. എഡ്വിൻ, രഞ്ജിത്ത് എന്നിവരെയാണ് തിങ്കളാഴ്ച കസ്റ്റഡിയിൽ വാങ്ങിയത്. ഇവരിൽനിന്നും നിർണായക വിവരങ്ങൾ അന്വേഷകസംഘത്തിന് ലഭിച്ചതായാണ് സൂചന. രണ്ടു ദിവസത്തിനകം എല്ലാ പ്രതികളെയും ചോദ്യംചെയ്യൽ പൂർത്തിയാകും. ഇതോടെ പുതിയ സംഘത്തിന്റെ അന്വേഷണം ഒന്നാംഘട്ടം പൂർത്തിയാകും. രണ്ടാംഘട്ട അന്വേഷണത്തെക്കുറിച്ചുള്ള വിലയിരുത്തലിനായി അന്വേഷകസംഘം ചൊവ്വാഴ്ച യോഗം ചേരും. പ്രതികളിൽനിന്ന് ബിജെപി നേതാക്കളുടെ പങ്കിനെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട്.
ബിജെപിയുടെ ജില്ലയിലെ നേതാവ് പ്രതികൾക്കായി തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തു നൽകിയത് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊരു ജില്ലാ ഭാരവാഹി സംഭവം നടന്ന് മിനിറ്റുകൾക്കുള്ളിൽ കൊടകരയിലെത്തി. 25 ലക്ഷം നഷ്ടപ്പെട്ടെന്നാണ് ആർഎസ്എസ് പ്രവർത്തകൻ ധർമരാജ് പരാതി നൽകിയത്. എന്നാൽ, ഇതിനകം 77 ലക്ഷം രൂപ കണ്ടെടുത്തു. യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കാണ് പണം ധർമരാജിന് കൊടുത്തതെന്നും കണ്ടെത്തിയിരുന്നു. തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾക്കായി മൂന്നരക്കോടി കാറിൽ കടത്തിയെന്നും പിന്നീട് സ്ഥിരീകരിച്ചു.
ഇതിനിടെ കസ്റ്റഡിയിൽ വാങ്ങിയ പ്രതി ഷുക്കൂറിന്റ വെള്ളാങ്കല്ലൂരിലെ വീട്ടിൽ കഴിഞ്ഞദിവസം പരിശോധിച്ചപ്പോൾ കോഴിക്കൂട്ടിൽ ഒളിപ്പിച്ച എട്ട് ലക്ഷം രൂപ കണ്ടെടുത്തു. തനിക്ക് പത്ത് ലക്ഷം ലഭിച്ചുവെന്നും ബാക്കി പണം മാെബൈൽ ഫോണിനും വാഹനം റിപ്പയർ ചെയ്യാനും ഉപയോഗിച്ചെന്നും ഷുക്കൂർ മാെഴി നൽകി. ഏപ്രിൽ മൂന്നിന് പുലർച്ചെയാണ് കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി പണം കവർന്നത്. ബിജെപിയുടെ സ്വന്തം ഫണ്ട് തട്ടിയെടുത്തുവെന്ന ആക്ഷേപത്തിനേക്കാളുപരി രേഖയില്ലാതെ കോടികളാണ് കടത്തിയതെന്നത് അന്വേഷകസംഘം ഗൗരവമായി കാണുന്നു.