“സംസ്ഥാന സര്‍ക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ മുന്‍ഗണനയ്ക്കായി രജിസ്റ്റര്‍ ചെയ്തവരുടെ വാക്‌സിനേഷനാണ് തിങ്കളാഴ്ച മുതൽ നടക്കുന്നത്. നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്‌സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്എംഎസ് വഴി അറിയിക്കുന്നതാണ്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിന്റ്‌മെന്റ് എസ്എംഎസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.”
അറിയാൻ ഡൗൺലോഡ് ചെയ്യൂ
“രണ്ട് ദിവസം കൊണ്ട് ഇതുവരെ 4.88 ലക്ഷത്തിലധികം പേരാണ് ഈ വെബ് സൈറ്റ് സന്ദര്‍ശിച്ചത്. ആകെ 1,90,745 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 40,000ത്തോളം പേരാണ് രേഖകള്‍ അപ് ലോഡ് ചെയ്തത്. അവരില്‍ അനുബന്ധ രോഗത്തിനുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്തവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. നിരസിച്ച അര്‍ഹരായവര്‍ക്ക് മതിയായ രേഖകള്‍ സഹിതം വീണ്ടും അപേക്ഷിക്കാവുന്നതാണ്.”
“വണ്‍ പേഴ്‌സണ്‍ വണ്‍ ഇലക്‌ടോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്ന ഉദാത്തമായ ആശയം കേരളത്തില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഐടി വിംഗ് ആയി പ്രവര്‍ത്തിക്കുന്ന ഇ-ഹെല്‍ത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്.” മന്ത്രി കെകെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ,
വാക്സിനേഷനുള്ള രജിസ്ട്രേഷൻ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു. ഇതിനായി https://www.cowin.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഇതിനു ശേഷം മുൻഗണന ലഭിക്കുന്നതിന് https://covid19.kerala.gov.in/vaccine/ എന്ന പോർട്ടലിൽ പ്രവേശിക്കണം. ഇവിടെ മൊബൈൽ നമ്പർ നൽകുമ്പോൾ ഒടിപി ലഭിക്കും. ഒടിപി നൽകുമ്പോൾ വിവരങ്ങൾ നൽകേണ്ട പേജ് ലഭിക്കും. ഇവിടെ പേജ്, ലിംഗം, ജില്ല, ജനനവർഷം, അടുത്തുള്ള വാക്സിനേഷൻ കേന്ദ്രം, കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച റഫറൻസ് ഐഡി എന്നിവ നൽകണം. ഇതോടൊപ്പം രോഗങ്ങൾ വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. ഇതിനു ശേഷം സബ്മിറ്റ് ചെയ്യാം.
ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ, പ്രമേഹരോഗികൾ, വൃക്ക, കരൾ രോഗികൾ തുടങ്ങി 20 തരം രോഗങ്ങളുള്ളവരാണ് മുൻഗണനാ പട്ടികയിലുള്ള രോഗികൾ. ഡോക്ടറുടെ സാക്ഷിപത്രം അടക്കമാണ് ഇവർ അപേക്ഷിക്കേണ്ടത്. ഇവർക്കായി പ്രത്യേകം സജീകരണം ഒരുക്കും. വാക്സിനേഷൻ കേന്ദ്രത്തിലെ അപ്പോയിന്റ്മെന്റ് എസ്എംഎസ്, ആധാർ അല്ലെങ്കിൽ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖ, അനുബന്ധ രോഗ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കില്ല. രണ്ടാം ഡോസിനും ഓൺലൈനായി അപേക്ഷിക്കണം. ഈ വിഭാഗത്തിൽ ഇതുവരെ 35000 പേരാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 1000 പേരുടെ അപേക്ഷ മതിയായ രേഖകൾ ഇല്ലാത്തതിനാൽ തള്ളിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.