ഗാസ സിറ്റി
ഗാസയിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണത്തിലെ ഏറ്റവും ഭീകരരാത്രിയിൽ 42 പലസ്തീൻകാർ കൊല്ലപ്പെട്ടു. ശനിയാഴ്ച അർധരാത്രി കഴിഞ്ഞ് അഞ്ച് മിനിറ്റിന്റെ ഇടവേളയിലാണ് ഗാസ നഗരത്തിന്റെ മധ്യത്തിൽ വഹ്ദാ തെരുവിന് സമീപത്തെ രണ്ട് ഭവനസമുച്ചയം തകർത്തത്. നിലംപൊത്തിയ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് മണിക്കൂറുകൾക്ക് ശേഷവും മൃതദേഹങ്ങൾ ലഭിച്ചു. അൻപതിൽപരം ആളുകൾക്ക് പരിക്കേറ്റു.
തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പട്ടണത്തിൽ ഹമാസിന്റെ ഗാസയിലെ മുതിർന്ന നേതാവായ യഹ്യാ അൽ സിൻവറിന്റെയും സഹോദരന്റെയും വീടുകളും ഇസ്രയേൽ തകർത്തു. ഇസ്രയേലി ആക്രമണം ഒരാഴ്ച പിന്നിട്ടപ്പോൾ ഗാസയിൽ മരണസംഖ്യ 190 കടന്നു. ഇവരിൽ 55 കുട്ടികളും 33 സ്ത്രീകളുമുണ്ട്. കിഴക്കൻ ജെറുസലേമടങ്ങുന്ന വെസ്റ്റ്ബാങ്കിൽ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 15 ആയി.
ഇസ്രയേലിൽ ഹമാസിന്റെ പ്രത്യാക്രമണത്തിൽ മരണസംഖ്യ പത്തായി. സമാധാനത്തിന് നയതന്ത്രശ്രമങ്ങൾ സജീവമാകുമ്പോഴും ആക്രമണം തുടരുമെന്ന നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.