മൂന്ന് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന വിജീഷ് പിടിയിലാകുമ്പോൾ ഒപ്പം ഭാര്യയും രണ്ട് കുട്ടികളും ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ വിജീഷിനെ പത്തനംതിട്ടയിൽ എത്തിക്കും. പ്രതി ബെംഗളൂരുവില്‍ ഉണ്ടെന്ന് വ്യക്തമായതോടെ പോലീസ് മൂന്ന് ദിവസം മുൻപ് വിജീഷ് താമസിക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. ആളെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് നടപടികളിലേക്ക് കടക്കുകയായിരുന്നു.
കനറാ ബാങ്കിൻ്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ 8.13 കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പു നടത്തിയത്. നിരവധി നിക്ഷേപകരുടേതായി 8,13,64,539 രൂപയാണ് വിജിഷ് മോഷ്ടിച്ചത്. ദീർഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപകരുടെയും കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാത്ത അക്കൗണ്ടുകളിൽ നിന്നുമായിട്ടാണ് ലക്ഷങ്ങൾ അപഹരിച്ചത്.
തട്ടിപ്പ് നടക്കുന്നതായി കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ടെത്തിയതോടെ വിജീഷ് ഒളിവിൽ പോകുകയായിരുന്നു. ആദ്യ പരാതിയുണ്ടായപ്പോൾ തനിക്ക് പിഴവ് സംഭവിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ബാങ്ക് ആധികൃതർ വിശദമായി പരിശോധന നടത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ബാങ്കിലെ നിക്ഷേപകരുടെ പാസ്വേർഡ് ദുരുപയോഗം ചെയ്താണ് പ്രതി പണം തട്ടിയെടുത്തിരുന്നത്.