കൊച്ചി > ഒഡിഷയിലെ ടാറ്റാ സ്റ്റീലിൽനിന്ന് മെഡിക്കൽ ഓക്സിജനുമായി ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ ടാങ്കറുകൾ ഞായറാഴ്ച കൊച്ചിയിലെത്തും. ഏഴു കണ്ടെയ്നറുകളിലായി 140 മെട്രിക്ടൺ ഓക്സിജനാണ് വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ എത്തുക. ഇതിൽ ആറു ടാങ്കറുകളിൽ ദ്രവരൂപത്തിലുള്ള ഓക്സിജനാണുള്ളത്. 20 ടണ്ണാണ് ഓരോ കണ്ടെയ്നറിലും ഉണ്ടാകുക.
റെയിൽവേ, പെസോ, ലിൻഡെ പ്രാക്സിയർ, കെഎസ്എംഎസ്സി, ഗതാഗതവകുപ്പ് എന്നിവ ചേർന്ന് എത്തിച്ച ഓക്സിജൻ വിവിധ ആശുപത്രികളിലേക്കും കെഎംഎംഎലിലേക്കും സംഭരണത്തിനും വിതരണത്തിനുമായി അയക്കും.
ചില സ്ഥലങ്ങളിൽ റോഡ് ഓവർ ബ്രിഡ്ജസ് (ആർഒബി), ഓവർ ഹെഡ് എക്യുപ്മെന്റ് (ഒഎച്ച്ഇ) എന്നിവയുടെ നിയന്ത്രണങ്ങളുള്ളതിനാൽ പ്രത്യേക ടാങ്കറുകളിലാണ് ഓക്സിജൻ വരുന്നത്. 3320 മില്ലീമീറ്റർ ഉയരമുള്ള ടാങ്കറുകളിലാണ് ഓക്സിജൻ എത്തുന്നത്. 1290 മില്ലീമീറ്റർ ഉയരമുള്ള ഫ്ലാറ്റ് വാഗണുകളാണ് ഇവയിലുള്ളത്. ഓക്സിജൻ എക്സ്പ്രസ് എത്തുന്ന വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ പെസോ സ്ഫോടകവസ്തു കൺട്രോളർ ഡോ. പി കെ റാണ ശനിയാഴ്ച പരിശോധന നടത്തി.