തൃശൂർ> സംസ്ഥാനത്ത് അതിതീവ്രവും അതിശക്തവുമായ മഴയാണ് രണ്ടുനാളായി പെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ശനിയാഴ്ച രാവിലെ 8.30 വരെ മൂന്ന് പ്രദേശങ്ങളിൽ അതിതീവ്രമഴയുണ്ടായി. കൊച്ചി, കോട്ടയം, തൃശൂരിലെ കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലാണ് അതിതീവ്രമഴ പെയ്തത്. 204.5 മില്ലിമീറ്റർ മഴ ലഭിക്കുമ്പോഴാണ് അതിതീവ്രമഴയായി കണക്കാക്കുന്നത്. കൊച്ചി നേവൽബേസ് പ്രദേശത്ത് 209 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇടുക്കി പീരുമേട്ടിൽ 208 മില്ലിമീറ്ററും തൃശൂർ കൊടുങ്ങല്ലൂരിൽ 200 മില്ലിമീറ്ററും മഴ ലഭിച്ചു. സംസ്ഥാനത്ത് 20 പ്രദേശങ്ങളിൽ അതിശക്ത മഴയും ലഭിച്ചു. സംസ്ഥാനത്താകെ 50 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിച്ചതായും സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ശനിയാഴ്ച രാവിലെ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.
ശനിയാഴ്ചയും മഴ ശക്തമായി 115.4 മില്ലിമീറ്റർമുതൽ 204.4 മില്ലിമീറ്റർ വരെ ലഭിക്കുന്ന മഴയാണ് അതിശക്തമായി കണക്കാക്കുന്നത്. ഇതുപ്രകാരം തൃശൂർ ജില്ലയിൽ ഏനാമാക്കലിൽ 185 മില്ലി മീറ്ററും എറണാകുളം സൗത്ത് 170 മില്ലിമീറ്ററും മഴ ലഭിച്ചു. കണ്ണൂർ 159.2, കോഴിക്കോട് 127.9, പൊന്നാനി 139, പട്ടാമ്പി 138.2, ഇരിങ്ങാലക്കുട 147, ചാലക്കുടി 155, ആലുവ 119, ചേർത്തല 133, കായംകുളം 118.6, മാവേലിക്കര 120.2, ആലപ്പുഴ 157.2, മാങ്കൊമ്പ് 126, കായംകുളം 118.6, കുമരകം 162.2, വൈക്കം 135.8, കുരുടമണ്ണിൽ 115.4, കൊല്ലം 159, വർക്കല 126.8 എന്നിങ്ങനെയാണ് മഴ ലഭിച്ചത്.
മാർച്ച് ഒന്നുമുതൽ മെയ് 31 വരെയുള്ള വേനൽമഴയുടെ കണക്കെടുത്താൽ 362 മില്ലിമീറ്റർ മഴയാണ് ശരാശരി ലഭിക്കുക . മെയ് 15 വരെ ലഭിക്കേണ്ട കണക്കുപ്രകാരം ഇതിനകം 40 ശതമാനം അധിക മഴ ലഭിച്ചതായി കാലാവസ്ഥാ ഗവേഷകൻ ഡോ. ഗോപകുമാർ ചോലയിൽ പറഞ്ഞു. മെയ് 30 ആകുമ്പോഴേക്കും ഇനിയും വർധനയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.